ഉപഗ്രഹ ഇന്റർനെറ്റ് സേവന ദാതാക്കളായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി വൈകുന്നതിന്റെ പേരിൽ വിമർശനം കടുപ്പിച്ച് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്റ്റാർലിങ്ക്. സ്വന്തം സോഷ്യൽ മീഡിയ എക്‌സിലൂടെയാണ് അദ്ദേഹം വിമർശനം തുടരുന്നത്.
മസ്‌കിന്റെ വിമർശനം ഇങ്ങനെ:
‘പ്രിയ പ്രധാനമന്ത്രി അംബാനി, താങ്കളാണ് ഇന്ത്യയുടെ യഥാർഥ തലവൻ എന്ന് തിരിച്ചറിയാത്തതിലുള്ള എന്റെ ക്ഷമാപണം സ്വീകരിക്കണം. സ്വാഭാവികമായും, ഇന്ത്യയിലെ മഹത്തായ ജനവിഭാഗങ്ങളെ ചൂഷണം ചെയ്തു കൊണ്ടുള്ള നിങ്ങളുടെ കുത്തകാവകാശം തുടരാനായിരിക്കും നിങ്ങൾ ആഗ്രഹിക്കുക. എങ്കിലും, സ്റ്റാർലിങ്കിന് മത്സരിക്കാൻ അനുവാദം നൽകുന്ന കാര്യം ഒന്നു പരിഗണിക്കാമോ? മറ്റു രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഇന്റർനെറ്റ് സൗകര്യമില്ലാത്ത നിരവധി പ്രദേശങ്ങളുണ്ട്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും, ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള അവസരങ്ങളും അത് നിഷേധിക്കുന്നു. സ്റ്റാർലിങ്ക് അവരുടെ ജീവിതം മെച്ചപ്പെട്ട രീതിയിൽ മാറ്റിമറിക്കും.’ – മസ്‌ക് എക്‌സ് പോസ്റ്റിൽ പറഞ്ഞു.
സ്‌പേസ്എക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് അടക്കമുള്ള മൂന്ന് കമ്പനികൾക്ക് രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സർവീസ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ടെലികോം ലൈസൻസ് ലഭിച്ചിരുന്നു. ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂടൽസാറ്റ് വൺവെബും, ജിയോ പ്ലാറ്റ്ഫോംസിന്റെ ഉപസ്ഥാപനമായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡുമാണ് മറ്റ് രണ്ട് കമ്പനികൾ.
ലൈസൻസ് ലഭിച്ചുവെങ്കിലും സ്‌പെക്ട്രം അനുവദിക്കുന്നതിനും സേവനങ്ങൾ ആരംഭിക്കുന്നതിനും ഈ കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായുള്ള സുരക്ഷാ വിലയിരുത്തലുകൾ നടന്നു വരികയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് കടുത്ത വിമർശനം ഉന്നയിക്കുന്നത്. ചില കുത്തക മുതലാളിമാർ ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു എന്ന് ബുധനാഴ്ച മസ്‌ക് ആരോപിച്ചതോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമായത്.
Leave a Comment
Your comment will be visible after admin approval.