തങ്കത്തിന്റെ പത്തരമാറ്റ് ശോഭയോടെ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സ്ത്രീ സാന്നിധ്യം. വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും കര്‍മമണ്ഡലത്തിലെ കെടാവിളക്ക്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ പ്രസിഡന്റ് തങ്കം അരവിന്ദന് വിശേഷണങ്ങള്‍ ഏറെയാണ്. ഏപ്രില്‍ 28 മുതല്‍ 30 വരെ ന്യൂജേഴ്‌സിയില്‍ നടക്കുന്ന അമേരിക്ക റീജിയണൽ കോണ്‍ഫറന്‍സിനും പുരസ്‌കാര വിതരണത്തിനും മുന്നില്‍ നിന്ന് നയിക്കാന്‍ തങ്കം അരവിന്ദ് നടത്തി വരുന്നത് വിശ്രമമില്ലാത്ത യാത്രകള്‍.
നേതൃത്വത്തിലെ ആര്‍ജ്ജവവും പെരുമാറ്റത്തിലെ ആര്‍ദ്രതയുമാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃനിരയിലേക്ക് തങ്കം അരവിന്ദിന് നയിച്ചത്. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ തങ്കം ഏവര്‍ക്കും പ്രിയപ്പെട്ടവളായി. നന്മ ജീവിതവ്രതവും സ്‌നേഹം ആയുധവുമാക്കി ഈ സ്ത്രീരത്‌നത്തിന്റെ പോരാട്ടങ്ങളില്‍ നമ്മള്‍ ഒപ്പം നില്‍ക്കുന്നതും അതുകൊണ്ടുതന്നെ. വേള്‍ഡ് മലയാളി കൗണ്‍സിലിനെ തെളിച്ചമുള്ള വെളിച്ചത്തിലേക്കു നയിക്കുന്ന മുന്‍നിര പോരാളിയാണ് തങ്കം അരവിന്ദ്. അമേരിക്കാ റീജിയൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പടിയിറങ്ങുമ്പോൾ യാത്രയിൽ കൂടെ നിന്നവരോട് മനസ്സു നിറയെ നന്ദിയുണ്ട് തങ്കത്തിന്.
മഹാമാരിക്കാലത്ത് ഡോ. തങ്കം അരവിന്ദിന്റെ നേതൃത്വത്തിൽ സംഘടന നടത്തിയ സഹായ പ്രവർത്തനങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. ആരുടെയും കണ്ണെത്താത്തിടത്തും തങ്കത്തിന്റെയും വേൾഡ് മലയാളി കൗൺസിലിന്റെയും കണ്ണുകളും സഹായഹസ്തങ്ങളും എത്തി. പ്രസിഡന്റ് സ്ഥാനം കൈമാറുമ്പോൾ തങ്ങൾ കാത്തുസൂക്ഷിച്ച ഉത്തരവാദിത്തങ്ങൾ കൂടിയാണ് തങ്കം അരവിന്ദ് നൽകുന്നത്.
യുഎസിലെ ആതുരസേവനരംഗത്തെ സ്‌നേഹസ്പര്‍ശമാണ് ഡോ. തങ്കം അരവിന്ദ്. മൂന്നു പതിറ്റാണ്ടിലേറെയായി നഴ്‌സിംഗ് അധ്യാപിക എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പാഠപുസ്തകത്തിനും അപ്പുറമുള്ള സ്‌നേഹത്തിന്റെ പാഠങ്ങള്‍ പകരുന്ന ഈ അധ്യാപികയ്ക്ക് വലിയൊരു ശിഷ്യസമ്പത്തു തന്നെ യുഎസ്എയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ന്യൂജഴ്സിയിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി അഡ്ജംക്ട് പ്രൊഫസറും ഹാക്കന്‍സാക്ക് മെറിഡിയന്‍ മുഹ്ലെന്‍ബെര്‍ഗ് സ്‌കൂളിലെ പ്രൊഫസറുമാണ്.
നിരവധി എതിര്‍പ്പുകളെ അവഗണിച്ചാണ് തങ്കം ആതുരസേവനരംഗത്ത് പ്രതിഭ തെളിയിക്കുന്നത്. കമലമ്മയുടെയും ശ്രീധരൻ നായരുടെയും മകളായി ജനനം. എല്‍ഐസി ഓഫിസറായിരുന്ന അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ കഴിയുമ്പോഴായിരുന്നു തങ്കം ജനിക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയത് തമിഴ്മണ്ണിന്റെ ചൂടറിഞ്ഞ്. നഴ്‌സിംഗില്‍ ഉയര്‍ന്ന മാര്‍ക്കോടെ മാസ്‌റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ നഴ്സിംഗ് കോളജില്‍ അധ്യാപികയായി.
2001ല്‍ അമേരിക്കയിലെത്തുമ്പോഴും അധ്യാപനത്തിന്റെ വഴി മറന്നില്ല. ചേംബര്‍ലെയ്ന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സ് പ്രാക്ടീഷണര്‍ ഇന്‍ ഹെല്‍ത്ത്കെയറില്‍ ഡോക്ടറേറ്റ് നേടി. യുഎസ് ഹെല്‍ത്ത് റിസോഴ്‌സ് ആന്‍ഡ് സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന തോമസ് എഡിസണ്‍ സ്‌റ്റേറ്റ് മൈനോറിറ്റി നെഴ്‌സ് എഡ്യൂക്കേറ്റര്‍ ഗ്രാന്റ് ലഭിച്ച ആദ്യ ഇന്ത്യന്‍ വനിത എന്ന നിലയിലും ശ്രദ്ധേയയാണ്. ക്രോണിക് ഡിസീസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ന്യൂജേഴ്‌സി ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു.
ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സി സ്ഥാപക സെക്രട്ടറി, നാഷണൽ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് നോര്‍ത്ത് അമേരിക്ക എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, നാഷണല്‍ ലീഗ് ഓഫ് നഴ്സിംഗ് അംഗം, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ് അംഗം തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.
മികച്ച നഴ്‌സിനുള്ള ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് പുരസ്‌കാരം, ഡെയ്‌സി പുരസ്‌കാരം, ജെയിന്‍ മച്ചാര്‍ട്ടര്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം, ഇന്ത്യന്‍ അമേരിക്കന്‍ പ്രസ് ക്ലബ് കമ്മ്യൂണിറ്റി സര്‍വീസ് പുരസ്‌കാരം, ഇല്യുമിനേറ്റിംഗ് ലീഡര്‍ഷിപ്പ് പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
അരവിന്ദന്‍ നമ്പ്യാരാണ് ഭര്‍ത്താവ്. ശ്രീജിത്ത്, ശ്രേയസ്സ് എന്നിവരാണ് മക്കള്‍.
കൂടുതൽ വിവരങ്ങൾക്ക്: http://www.wmcamericaregion.org