കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ലക്ഷ്യസ്ഥാനമെന്ന പദവി നിലനിര്‍ത്തി യുഎഇ. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ യുഎസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ ആറ് ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേ കാലയളവില്‍ ചൈനയ്ക്ക് പകരമായി നെതര്‍ലന്റ്‌സ് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് നെതര്‍ലന്റ്‌സിനെ ചൈനയെ പിന്തള്ളാന്‍ സഹായിച്ചത്.
ഇറക്കുമതിയുടെ കാര്യത്തില്‍ കഴിഞ്ഞ മാസം ചൈനയ്ക്കും റഷ്യയ്ക്കും ശേഷം യുഎഇ മൂന്നാം സ്ഥാനത്താണ്. ജിസിസി രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിലും ഇറക്കുമതി സ്രോതസ്സുകളിലും സൗദി അറേബ്യ മാത്രമാണ് യുഎഇയെ കൂടാതെ മുന്‍നിരയില്‍ ഇടംപടിച്ചത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ എട്ടാം സ്ഥാനത്തും ഇറക്കുമതി സ്രോതസില്‍ അഞ്ചാം സ്ഥാനത്തുമാണ് സൗദി.