കുവൈത്തില്‍ പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ വിശദമായി പരിശോധിക്കുവാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. വിവിധ കാരണങ്ങളാല്‍ താമസ രേഖ കാലാവധി നീട്ടി നല്‍കുകയും എന്നാല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ തൊഴില്‍ പെർമിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധനക്ക് വിധേയമാക്കുന്നത്. ഈദുൽ ഫിത്തർ അവധിക്ക് ശേഷം നടക്കുന്ന കാമ്പയിനില്‍ 10,000 തൊഴില്‍ പെർമിറ്റുകൾ റദ്ദാക്കുമെന്നാണ് സൂചനകളെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍ട്ടിക്കിള്‍ 35 ന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടികള്‍ സ്വീകരിക്കുക. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് ഉടന്‍ ആരംഭിക്കും. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ജോലി തസ്തികളില്‍ നടത്തുന്ന പ്രൊഫഷണൽ ടെസ്റ്റുകളിൽ പരാജയപ്പെടുന്നവര്‍ക്കും, യഥാർത്ഥ ഡാറ്റയും ഡോക്യുമെന്റുകളും നൽകുന്നതിൽ വീഴ്ച വരുത്തുന്നവരുടെയും, അംഗീകൃതമല്ലാത്ത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നല്‍കിയവരുടെയും തൊഴില്‍ പെർമിറ്റുകൾ പുതുക്കി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.