തായ്പേയി: തയ്വാൻ കടലിടുക്കിൽ ചൈനയുടെ സൈനികാഭ്യാസം പൂർത്തിയായതിന് തൊട്ടുപിന്നാലെ മേഖലയിൽ വീണ്ടും അമേരിക്കൻ യുദ്ധക്കപ്പൽ. അമേരിക്കൻ നാവികസേനയുടെ മിസൈൽവേധ കപ്പൽ യുഎസ്എസ് മിലിയൂസ് ആണ് തായ്വാൻ തീരത്തെത്തിയത്.
അന്താരാഷ്ട്ര സമുദ്രപാതയിലൂടെയുള്ള പതിവ് സഞ്ചാരമാണിതെന്നാണ് യുഎസ് നേവി പറയുന്നത്. തായ്വാനു ചുറ്റും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് ചൈന നടത്തിയ മൂന്നുദിവസത്തെ സൈനികാഭ്യാസത്തിന് ദിവസങ്ങൾക്ക് ശേഷമാണ് യുഎസ് യുദ്ധക്കപ്പലിന്റെ സഞ്ചാരം.
തയ്വാന് പ്രസിഡന്റ് സായ് ഇംഗ് വെനിന്റെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ചൈന സൈനികാഭ്യാസം പ്രഖ്യാപിച്ചത്. തായ്വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്.