ഖാർത്തൂം : രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു തള്ളിയിട്ട സൈനിക കലഹം പുതിയ വഴിത്തിരിവിലേക്ക്. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിനെ (ആർഎസ്എഫ്) കലാപസംഘമായി മുദ്ര കുത്തി സുഡാൻ സൈന്യം പിരിച്ചുവിട്ടു. അക്രമസംഭവങ്ങളിൽ മരണം നൂറോളമായതിനു പിന്നാലെയാണു മൂന്നാം ദിവസം സൈന്യത്തിന്റെ ഉത്തരവ്.
തലസ്ഥാനമായ ഖാർത്തൂമിലും ഓംഡുർമാൻ നഗരത്തിലും വ്യോമാക്രമണവും ഷെല്ലിങ്ങും രൂക്ഷമായി. സൈനിക കലാപത്തിനിടയിൽ ജനങ്ങൾ വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്. വൈദ്യുതിമുടക്കവും കൊള്ളയും വ്യാപകമായി. ആർഎസ്എഫ് സംഘങ്ങളിലൊന്ന് കീഴടങ്ങിയതായി സൈന്യം അറിയിച്ചു. സർക്കാർ ടെലിവിഷൻ കേന്ദ്രം പിടിച്ചെടുത്തതായി ഇരുകൂട്ടവും അവകാശപ്പെട്ടിട്ടുണ്ട്. ഷെല്ലിങ്ങിൽ ഖാർത്തൂമിലെ അൽ ഷാബ് ഹോസ്പിറ്റലിന് കേടുപാടുണ്ട്. ജീവനക്കാർക്കും രോഗികൾക്കും പരുക്കേറ്റതായി അധികൃതർ പറഞ്ഞു.
അധികാരം പിടിക്കാനുള്ള പോരാട്ടം നിർത്തി ഇരുപക്ഷവും രമ്യതയിലേക്കു നീങ്ങണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.