കൊച്ചി: പഠനത്തിനിടയിൽ ഒരു വർഷത്തെ ഇടവേളയിൽ പ്രസിഡന്റിന്റെ ജോലി. ശമ്പളമായി ഒരുവർഷത്തേക്ക് 28.5 ലക്ഷം രൂപ. സ്റ്റീവൻ സുരേഷ് എന്ന മലയാളി വിദ്യാർഥി ഇപ്പോൾ ഇംഗ്ലണ്ടിൽ കുറിക്കുന്നത് പുതു ചരിത്രം.
പ്രശസ്തമായ ലണ്ടൻ കിങ്‌സ് കോളേജിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിട്ടാണ് സ്റ്റീവൻ തിരഞ്ഞെടുക്കപ്പെട്ടത്. 150 രാജ്യങ്ങളിൽനിന്നുള്ള 45,000-ത്തോളം വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ ആദ്യമായിട്ടാണ് ഒരു മലയാളി പ്രസിഡന്റ് പദവിയിലെത്തുന്നത്. വിവിധ രാജ്യക്കാരായ അഞ്ചു പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് സ്റ്റീവൻ തിരഞ്ഞെടുക്കപ്പെട്ടത്.
ദുബായിയിൽ ജോലി ചെയ്യുന്ന എറണാകുളം ചേന്ദമംഗലം സ്വദേശി സുരേഷ് കുറ്റിക്കാട്ടിന്റെയും ചെറായി സ്വദേശി സിമിയുടെയും മകനാണ്. ബി.എ. പി.പി.ഇ. വിദ്യാർഥിയാണ്. ദുബായിയിൽ പ്ലസ് ടു കഴിഞ്ഞാണ് ബിരുദ പഠനത്തിനായി കിങ്‌സ് കോളേജിൽ ചേർന്നത്. തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരു വർഷം ക്ലാസിൽ പോകാതെ മുഴുവൻ സമയ ജോലിയായാണ് പ്രസിഡന്റ് പദവിയിൽ പ്രവർത്തിക്കേണ്ടത്.
ജൂലായിൽ ചുമതലയേൽക്കും. അടുത്ത വർഷം മൂന്നാം വർഷ ക്ലാസിൽ ചേർന്ന് ഡിഗ്രി പഠനം പൂർത്തിയാക്കണം.