ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ ഇന്ത്യയുടെ ചരിത്രപരമായ ചുവടുവെപ്പ്. ക്വാണ്ടം സാങ്കേതികവിദ്യയിൽ ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണവും വികസനവും വർദ്ധിപ്പിക്കുന്നതിനുള്ള ‘ദേശീയ ക്വാണ്ടം മിഷന്’ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിനായി 6003 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2023-24 മുതൽ 2030-31 വരെയാണ് ഈ ദൗത്യം.
യുഎസ്, ഓസ്ട്രിയ, ഫിൻലൻഡ്, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ക്വാണ്ടം ദൗത്യം നടത്തുന്ന ആറാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ശാസ്ത്ര സാങ്കേതിക വകുപ്പ് ഈ ദേശീയ ദൗത്യത്തിന് നേതൃത്വം നൽകും. ഉപഗ്രഹ അധിഷ്ഠിത സുരക്ഷിത ആശയവിനിമയത്തിന്റെ വികസനമാണ് ആദ്യ മൂന്ന് വർഷങ്ങളിൽ നടക്കുക. ദീർഘദൂര ക്വാണ്ടം ആശയവിനിമയത്തിന്, പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളുമായി, വരും വർഷങ്ങളിൽ പരിശോധനകൾ നടത്തും.
അടുത്ത എട്ട് വർഷത്തിനുള്ളിൽ 50-1000 ക്വിറ്റ്‌സ് വരെയുള്ള ഫിസിക്കൽ ക്വിറ്റ് ശേഷിയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതിലാണ് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 50 ഫിസിക്കൽ ക്യുബിറ്റുകൾ വരെയുള്ള കമ്പ്യൂട്ടറുകൾ മൂന്ന് വർഷത്തിനുള്ളിൽ വികസിപ്പിക്കും. അഞ്ച് വർഷത്തിനുള്ളിൽ 50 -100 ഫിസിക്കൽ ക്വിറ്റുകളും എട്ട് വർഷത്തിനുള്ളിൽ 1000 ഫിസിക്കൽ ക്യുബിറ്റുകൾ വരെയുള്ള കമ്പ്യൂട്ടറുകളും വികസിപ്പിക്കും.