ന്യൂഡൽഹി : സൈന്യവും അർദ്ധസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കലുഷിതമായ സുഡാനിൽ അകപ്പെട്ട പൗരന്മാരെ പുറത്തെത്തിക്കാൻ ക്വാർറ്ററ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ഇന്ത്യ. മേഖലയിൽ നേരിട്ട് ഇടപെടാൻ സാധിക്കുന്നത് ക്വാർറ്ററ്റ് രാജ്യങ്ങൾക്കാണ്. അതിനാൽ അവരുമായി വിഷയത്തിൽ ആശയവിനിമയം തുടരുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യൻ വിദേശകാര്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സ്ഥിതി വിവരങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
സൂഡാനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി യുഎന്നുമായി സഹകരിച്ച് വിദേശകാര്യമന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി പ്രത്യേക കണ്ടട്രോൾ റൂം സ്ഥാപിച്ചു. യുഎസിലെയും ബ്രിട്ടനിലെയും നയതന്ത്ര പ്രതിനിധികൾ ക്വാർറ്ററ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൂഡാനിൽ കുടുങ്ങിയ പൗരന്മാരുമായി ബന്ധപ്പെട്ട റിപ്പോർട്ട് എംബസി നിരന്തരം ശേഖരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.