ന്യൂഡൽഹി : സുദിർമാൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.വനിതാ ടീമിനെ പിവി സിന്ധുവും പുരുഷ ടീമിനെ എച്ച്എസ് പ്രണോയിയും നയിക്കും. മേയ് 14 മുതൽ 21 വരെയാണ് ടൂർണമെന്റ് നടക്കുക. ചൈനയിലെ സുഷോയിൽ വെച്ചാകും ടൂർണമെന്റ് നടക്കുക.
ന്യൂഡൽഹിയിൽ ചേർന്ന ദേശീയ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇത്തവണ ശക്തമായ ടീമിനെയാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയിയും കിഡംബി ശ്രീകാന്തുമാണ് മത്സരിക്കുന്നത്. ലക്ഷ്യ സെൻ റിസർവ് താരമായിരിക്കും. വനിതാ സിംഗിൾസിൽ പിവി സിന്ധുവിന് പുറമേ അനുപമ ഉപാധ്യായയും മത്സരിക്കും. ആകർഷി കശ്യപ് റിസർവ് താരമാണ്.
പുരുഷ ഡബിൾസിൽ സാത്വിക് സായ്്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും എംആർ അർജുൻ-ധ്രുവ് കപില സഖ്യവും കളിക്കളത്തിലിറങ്ങും. മിക്സഡ് ഡബിൾസിൽ തനിഷ കാസ്ട്രോ – സായ് പ്രതീക് സഖ്യമാണ് ഇന്ത്യയ്ക്കായി മത്സരിക്കുക.