തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കി വീണ്ടും പെസോയും ജില്ലാ ഭരണകൂടവും. തേക്കിൻകാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് ദേവസ്വങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. അതേസമയം ഷെഡ് ഇല്ലെങ്കിൽ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച് ദേവസ്വങ്ങൾ കളക്ടർക്ക് മറുപടി കത്ത് നൽകി.
പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) നിർദേശപ്രകാരം ജില്ലാ ഭരണകൂടമാണ് ഷെഡ് പൊളിക്കാൻ ദേവസ്വങ്ങൾക്ക് കത്ത് നൽകിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷെഡ് പൊളിക്കാൻ നിർദേശിക്കുന്നതെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ വർഷങ്ങളായി തന്നെ മാഗസീനോട് ചേർന്ന് താൽക്കാലിക ഷെഡും നിർമ്മിക്കിറുണ്ടെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. വെടികെട്ട് തൊഴിലാളികളുടെ വസ്ത്രങ്ങൾ, കുടിവെള്ളം, തൊഴിൽ ഉപകരണങ്ങൾ, വെടിക്കെട്ടിൻറെ കടലാസ് കുംഭങ്ങൾ, ഇവ മണ്ണിൽ ഉറപ്പിക്കാനുള്ള കുറ്റികൾ, കെട്ടാനുള്ള കയർ ഉൾപ്പടെയുള്ളവ സൂക്ഷിക്കുന്നത് ഈ ഷെഡിലാണ്.മാഗസീനിൽ വെടിക്കെട്ട് സമയത്ത് മാത്രമേ കരിമരുന്ന് എത്തിക്കുകയുള്ളൂ എന്നിരിക്കെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മനപ്പൂർവം പ്രതിസന്ധിയുണ്ടാക്കാനാണെന്ന ആക്ഷേപമാണ് ദേവസ്വങ്ങൾക്കുള്ളത്. അതേസമയം ഷെഡ് പൊളിച്ച് നീക്കി വെടിക്കെട്ട് നടത്താനാവില്ലെന്ന് കാണിച്ച് ദേവസ്വങ്ങൾ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ മാസം 30നാണ് തൃശ്ശൂർ പൂരം. 28നാണ് സാമ്പിൾ വെടിക്കെട്ട്. മെയ് ഒന്നിന് പുലർച്ചെയാണ് പൂരം പ്രധാന വെടിക്കെട്ട്.