ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. സഖ്യമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് അറിയിച്ചു. ദേശീയ താൽപര്യം മുൻനിർത്തി സമാനമനസ്കരായ മറ്റ് പാർട്ടികളുമായി പല വിഷയങ്ങളിലും സഹകരിക്കുമെന്ന് എ.എ.പി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പതക് പറഞ്ഞു. ഗോവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരവിന്ദ്കെജ്രിവാൾ പ്രധാനമന്ത്രിയാകുമോയെന്ന് ചോദ്യത്തിന് രാജ്യം നിശ്ചയിക്കും ആര് പ്രധാനമന്ത്രിയാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദേശീയ താൽപര്യമുള്ള പല വിഷയങ്ങളിലും യോജിക്കാവുന്ന പാർട്ടികളുമായി യോജിക്കും. എന്നാൽ, തെരഞ്ഞെടുപ്പ് തീർത്തും വിഭിന്നമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.40 അംഗ ഗോവ നിയമസഭയിൽ എ.എ.പിക്ക് രണ്ട് എം.എൽ.എമാരുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഗോവയിൽ നിരവധി യോഗങ്ങളും അദ്ദേഹം വിളിച്ചു ചേർത്തിരുന്നു. നേരത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യമുണ്ടാക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖാർഗെ ഇടത് നേതാക്കളേയും കണ്ടിരുന്നു. ഇത്തരത്തിൽ പ്രതിപക്ഷ ഐക്യം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടാനില്ലെന്ന് എ.എ.പി അറിയിച്ചിരിക്കുന്നത്.