തിരുവനന്തപുരം: നവജാത ശിശുവിനെ 3ലക്ഷം രൂപക്ക് വിറ്റ സംഭവം മുൻനിശ്ചയ പ്രകാരമെന്നതിന് കൂടുതൽ തെളിവുകള്‍ പുറത്ത്.കുഞ്ഞിന്‍റെ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിസ്ത തേടിയത് ഏഴാം മാസത്തിലാണ്.ചികിസ്ത തേടുന്ന സമയത്തു തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേൽവിലാസമാണ്.
വില്പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് വ്യക്തമാണ്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നാഥനില്ലാക്കളരിയാണ്.സൂപ്രണ്ടുമില്ല,ഡെപ്യൂട്ടി സൂപ്രണ്ടുമില്ല.മാർച്ച് ഒന്ന് മുതൽ സ്ഥിരം സൂപ്രണ്ടില്ല .നിലവിൽ മുതിർന്ന ഡോക്ടർക്കാണ് താത്കാലിക ചുമതല .പ്രതിദിനം ശരാശരി 700 പേര്‍ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണിത്.
നവജാതശിശുവിനെ വിറ്റസംഭവത്തില്‍ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. പൊഴിയൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾഎന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നൽകിയ മൊഴിപൊലീസ് പരിശോധിക്കുകയാണ്. ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് ഇവർ നൽകിയമൊഴി. ഈ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് നിഗമനം.ആശുപത്രിയിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
കഴിഞ്ഞ 10നാണ് തൈക്കാട്ആശുപത്രിയിൽ 4 ദിവസം പ്രായമായ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് മാതാപിതാക്കൾ വിറ്റത്. വില്പന സ്ഥിരീകരിച്ചതിന് പിന്നാലെ സി ഡബ്ള്യു സി കുഞ്ഞിനെ ഏറ്റെടുത്തിരുന്നു. കുഞ്ഞ് ഇപ്പോൾ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലാണ്.സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ആരോഗ്യമന്ത്രി തേടിയിരുന്നു.