ലണ്ടൻ : അടുത്ത സഹായിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന ഡൊമിനിക് റാബിന്റെ രാജി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത ആഘാതമായി. സർക്കാർ ഉദ്യോഗസ്ഥരോടു മോശമായി പെരുമാറിയെന്ന ആരോപണത്തെക്കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ രണ്ടെണ്ണത്തിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വെള്ളിയാഴ്ചയാണ് റാബ് രാജിവച്ചത്. നാണ്യപ്പെരുപ്പവും തൊഴിൽപ്രശ്നങ്ങളും മൂലം വെല്ലുവിളി നേരിടുന്ന സുനക് സർക്കാർ ഇതോടെ കൂടുതൽ പ്രതിസന്ധിയിലായി. അടുത്ത മാസത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇതും ആയുധമാക്കുമെന്നതിനാൽ കൺസർവേറ്റീവ് പാർട്ടിയിൽ സുനക് കടുത്ത വിമർശനവും നേരിടുന്നു.
റാബിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് പരാതിപ്പെട്ടിരുന്നത്. സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് എതിരായതോടെ റാബിന്റെ രാജി സ്വീകരിക്കാൻ സുനക് നിർബന്ധിതനാവുകയും ചെയ്തു. ഒക്ടോബറിൽ റാബിനെ ഡപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിക്കുമ്പോൾ അദ്ദേഹത്തിനെതിരായ പരാതിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സുനക് അറിയിച്ചു.
റാബ് വഹിച്ചിരുന്ന നിയമവകുപ്പിന്റെ ചുമതല അലക്സ് ചോക്കിനു നൽകി. ഡപ്യൂട്ടി പ്രധാനമന്ത്രിയായി കാബിനറ്റ് ഓഫിസ് മന്ത്രി ഒലിവർ ഡൗഡനെ നിയമിക്കുകയും ചെയ്തു. 6 മാസത്തിനിടെ സുനക് മന്ത്രിസഭയിൽ നിന്നു വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്ന മൂന്നാമത്തെ സീനിയർ മന്ത്രിയാണ് റാബ്. മോശം പെരുമാറ്റ ആരോപണം നേരിട്ട ഗവിൻ വില്യംസൻ നവംബറിൽ രാജിവച്ചിരുന്നു. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നദീം സഹാവിയെ ജനുവരിയിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടിവന്നു.