വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ്. പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തു.
എന്നാൽ, പോസ്റ്ററുകൾ ഒട്ടിച്ചതല്ലെന്നും മഴ വെളളത്തിൽ പോസ്റ്റർ വച്ചതാണ് എന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി വ്യാജ പ്രചരണം നടത്തുകയാണ്. റെയിൽവേയുടെ ഇൻ്റലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കോട്ടയത്തെത്തിയപ്പോൾ സ്വീകരിച്ച് കെ റെയിൽ വിരുദ്ധ സമിതിയും.വന്ദേഭാരതിന് സ്വീകരണം നൽകിയും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം അർപ്പിച്ചുമാണ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
സിൽവർലൈനിന് പകരമാണ് വന്ദേഭാരത് ഒരുക്കിയിരിക്കുന്നത് എന്നുള്ള പ്ലക്കാർഡുകൾ അടക്കം ഉയർത്തിയാണ് കെ റെയിൽ വിരുദ്ധരുടെ പ്രതിഷേധം. കെ റെയിലിനെതിരെ സമരം നടത്തി പൊലീസ് നടപടി നേരിടേണ്ടി വന്ന റോസ്ലിൻ അടക്കമാണ് വന്ദേഭാരതിനെ സ്വീകരിക്കാനെത്തിയത്. കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമാണ് ഉയർത്തുന്നതെന്നും തൾക്കെതിരായിട്ടുള്ള കള്ള കേസുകൾ ഇല്ലാതാക്കണമെന്നും റോസ്ലിൻ പറഞ്ഞു.കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിലാണ് റോസ്ലിൻ അടക്കമുള്ളവർ കഴിഞ്ഞ വർഷം മെയ് 17ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കുകയും ചെയ്തിരുന്നു. അതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നായിരുന്നു പൊലീസ് വാദം.സ്വാതന്ത്ര്യത്തിന് ശേഷം ലോക നിലവാരമുള്ള റെയിൽവേ സംവിധാനം ലഭിക്കുന്നത് ഇപ്പോൾ മാത്രമാണ് എന്നത് ദുഖകരമെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയും വന്ദേ ഭാരതും തമ്മിൽ കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ല. നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത്.എന്നാൽ സിൽവർ ലൈൻ പൂർണമായും വേറൊരു സ്വപ്‌നമാണെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.