ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകിയേക്കും. മഅദനിയുടെ സുരക്ഷയ്ക്കായി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. ബെംഗളൂരു സ്ഫോടന പരമ്പരക്കേസിൽ ജാമ്യത്തിൽ കഴിയുന്ന മഅദനിക്കു കേരളത്തിലേക്കു പോകാൻ സുപ്രീം കോടതി താൽക്കാലിക അനുമതി നൽകിയിരുന്നു. ജൂലൈ 8 വരെ കേരളത്തിൽ തങ്ങാം.
കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅദനി കേരളത്തിലേക്കു പോകേണ്ടതെന്നു സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സുരക്ഷയ്ക്കുള്ള ചെലവു മഅദനി തന്നെ വഹിക്കണം. കർണാടകയിൽ തന്നെ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവു തേടിയുള്ള മഅദനിയുടെ ഹർജിയിൽ ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം.ത്രിവേദി എന്നിവരുടേതാണ് ഉത്തരവ്. സ്ഥിരം ഇളവിനുള്ള അപേക്ഷ ജൂലൈ 10നു പരിഗണിക്കും.
ഓർമക്കുറവും കാഴ്ചപ്രശ്നങ്ങളുമുണ്ടെന്നും കേരളത്തിൽ ചികിത്സ നടത്താൻ അനുവദിക്കണമെന്നുമാണ് മഅദനി ആവശ്യപ്പെട്ടത്. പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സാർഥം ജാമ്യം ലഭിച്ച 2014 മുതൽ ബെംഗളൂരുവിലെ ഫ്ലാറ്റിലാണു മഅദനി താമസിക്കുന്നത്.
വൃക്കരോഗ ചികിത്സയ്ക്കായി എറണാകുളത്തെ വീട്, പിതാവ് അബ്ദു സമദ് താമസിക്കുന്ന കരുനാഗപ്പള്ളി അൻവാർശേരിയിലെ തോട്ടുവാൽ മൻസിൽ എന്നിവിടങ്ങളിലാണു മഅദനി തങ്ങുക. സ്ഫോടനക്കേസിൽ 31-ാം പ്രതിയായ മഅദനിക്ക് കടുത്ത പ്രമേഹത്തെ തുടർന്ന് 2014 ജൂലൈ 14നാണു സുപ്രീം കോടതി സോപാധിക ജാമ്യം അനുവദിച്ചത്. 2010 ഓഗസ്റ്റ് 17ന് അൻവാർശേരിയിൽനിന്നാണ് അറസ്റ്റിലായത്.