ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ 44.78 കോടി ചെലവാക്കിയതായി റിപ്പോർട്ട്. 2020 നും 2022 നും ഇടയിലാണ് വീട് മോടി പിടിപ്പിക്കാൻ ദില്ലി സർക്കാർ ഇത്രയും പണം ചെലവാക്കിയത്. ഇറക്കുമതി ചെയ്ത മാർബിൾ, ഇന്റീരിയറുകൾ, ഇലക്ട്രിക്കൽ ഫിക്‌ചറുകൾ, ഉയർന്ന നിലവാരമുള്ള അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇന്റീരിയർ ഡെക്കറേഷനായി 11.3 കോടി രൂപയാണ് ചെലവാക്കിയത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളിന് 6 കോടി രൂപ ചെലവാക്കി. ഇന്റീരിയർ ഡിസൈൻ കൺസൾട്ടൻസിക്ക് ഒരു കോടി രൂപ നൽകി. ഇലക്ട്രിക്കൽ, ഓട്ടോമാറ്റിക് സ്മാർട്ട് ലൈറ്റിംഗ്, അഗ്നിശമന സംവിധാനങ്ങൾ എന്നിവയ്ക്കായി 5.43 കോടി രൂപ ചെലവഴിച്ചു. ബിൽറ്റ്-ഇൻ ബാർബിക്യൂ ചാർക്കോൾ ഗ്രിൽ ഉൾപ്പെടെ അടുക്കളയിലെ വീട്ടുപകരണങ്ങൾക്ക് ₹1.1 കോടി രൂപയായി. തടികൊണ്ടുള്ള തറക്കും ഒരു കോടി രൂപ ചെലവായെന്ന് രേഖകളിൽ പറയുന്നു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എപിക്കെതിരെ വ്യാപകമായ വിമർശനമുയർന്നു. കൊവിഡ് കാലഘട്ടത്തിൽ സർക്കാർ ഫണ്ടിനായി ബുദ്ധിമുട്ടുന്ന സമയത്താണ് ഇത്രയും പണമുപയോഗിച്ച് ഡൽഹി മുഖ്യമന്ത്രി വീട് ആഡംബരം കൂട്ടിയതെന്ന് പ്രതിപക്ഷമായ ബിജെപി വിമർശിച്ചു. മുഖ്യമന്ത്രിയുടെ വസതി ഗ്ലാസ് ഹൗസ് ആണെന്നും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്നും ഡൽഹി ബിജെപി അധ്യക്ഷൻ സച്ച് ദേവ പറഞ്ഞു. അതേസമയം, മറുപടിയുമായി ആദ്മി പാർട്ടിയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതി മോശമായ അവസ്ഥയിലായിരുന്നെന്നും സർക്കാർ സ്വത്തായി തുടരുന്നില്ലെന്നും പറഞ്ഞു. സെൻട്രൽ വിസ്റ്റയുടെ ഭാഗമായി പ്രധാനമന്ത്രിക്കായി നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെയും മറ്റ് നേതാക്കൾക്കുള്ള ഭവന നിർമ്മാണത്തിനായി തുക എത്രയാണെന്നും എപിപി ചോദിച്ചു.
സർക്കാർ ബംഗ്ലാവും കാറും സുരക്ഷയും സ്വീകരിക്കില്ലെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായ ശേഷം എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നു. ലാളിത്യം അവകാശപ്പെട്ടാണ് രാഷ്ട്രീയത്തിൽ വന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ മെട്രോയിൽ വന്ന് താൻ ഒരു സാധാരണക്കാരനാണെന്ന് കാണിക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ വീട് മോടി പിടിപ്പിക്കാനായി മാത്രം 45 കോടിയാണ് അദ്ദേഹം ചെലവാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി.