തിരുവനന്തപുരം: ലൈംഗിക പീഡനകേസിൽ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ പ്രതിഷേധിക്കുന്ന വനിത ഗുസ്തിതാരങ്ങളെ അപമാനിക്കുന്ന പ്രസ്താവനയുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ.ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് പി.ടി. ഉഷ പറഞ്ഞു. സമരം ചെയ്യുന്നതിന് പകരം താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും പി.ടി. ഉഷ വ്യക്തമാക്കി. അതേസമയം, റസ്‍ലിങ് ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ച് ഒളിമ്പിക് അസോസിയേഷൻ ഉത്തരവിറക്കി.
ഗുസ്തി താരങ്ങളുടെ ഡൽഹി ജന്തർ മന്ദിറിലെ രാപ്പകൽ സമരം അഞ്ചാം ദിവസവും തുടരുകയാണ്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷനെതിരായ ലൈംഗിക പരാതിയിൽ പൊലീസ് നടപടി എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ഗുസ്തി താരങ്ങൾ. സമരത്തിന് പിന്തുണയുമായി ഡൽഹി ജന്തർ മന്ദിറിലേക്ക് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ഒഴുകിയെത്തുകയാണ്. ഇതിനിടെയാണ് സമരത്തിനെതിരെ പ്രസ്താവനയുമായി പി.ടി. ഉഷ രംഗത്തെത്തിയത്.