ദുബായ് : യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ അടൂർ, ചന്ദനപ്പള്ളി സ്വദേശി അജി.പി.വർഗീസ് (50) നാട്ടിൽ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളാൽ കൊച്ചി വിപിഎസ് ലെയ്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച (28) രാവിലെ 11 ന് വീട്ടിലും തുടർന്ന് 12 മണിക്ക് കുറിയാക്കോസ് മാർ ക്ലീമിസ് തിരുമേനിയുടെ കാർമികത്വത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയപള്ളിയിലും ശുശ്രൂഷ നടക്കും.
ദുബായിൽ വസ്ത്രവ്യാപാര രംഗത്ത് ബിസിനസ് നടത്തിയിരുന്ന അജി കോവിഡ് കാലത്ത് പ്രവാസ മലയാളികൾക്കായി ‘ഹെൽപിങ് ഹാൻഡ്‌സ് യുഎഇ’ എന്ന സംഘടന രൂപീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് രോഗികൾക്കും അശരണർക്കും മരുന്ന്, ഭക്ഷണം, താമസ സൗകര്യം, ധനസഹായം തുടങ്ങിയവ എത്തിക്കുന്നതിന് മുൻനിരയിൽ പ്രവർത്തിച്ചു. ഇന്ത്യയിലേയ്ക്ക് ആദ്യമായി ചാർട്ടേഡ് വിമാനം വഴി നൂറുകണക്കിന് ആളുകളെ നാട്ടിലെത്തിക്കുന്നതിനും നേതൃത്വം നൽകിയിരുന്നു.
പത്തനംതിട്ട ലയൺസ്, റോട്ടറി ക്ലബ് തുടങ്ങിയവയുടെ പ്രസിഡന്റായി പ്രവർത്തിച്ച കാലയളവിൽ നുറുകണക്കിന് അർബുദ രോഗികൾക്കും നിർധനരോഗികൾക്കും സഹായങ്ങൾ എത്തിക്കുവാനും പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുവാനും നേതൃത്വം വഹിച്ചു. ചന്ദനപ്പള്ളി വലിയ പള്ളിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ബിന്ദു ഫിലിപ്പ് (സീനിയർ ഗൈനക്കോളജിസ്റ്റ്, എൻഎംസി ഹോസ്പിറ്റൽ, ഷാർജ). മക്കൾ: എയ്ഞ്ചലീന അജി വർഗീസ്, വീനസ് അജി വർഗീസ്.