ഇടുക്കി: ചിന്നക്കനാലിലും ശാന്തൻപാറയിലും നാശം വിതച്ചു കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുളള വനംവകുപ്പിന്റെ ദൗത്യം ഇന്നത്തേയ്ക്ക് നിർത്തിവെച്ചു. നാളെ വീണ്ടും ദൗത്യം തുടരുമെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ദൗത്യമാണ് നിർത്തിവെച്ചത്. ജിപിഎസ് കോളർ ബേസ് ക്യാംപിൽ തിരിച്ചെത്തിച്ചു.
ഇന്ന് പുലർച്ചെ ആരംഭിച്ച ദൗത്യം മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായില്ല. ചിന്നക്കനാലിലെ സിമൻറ് പാലത്തിന് സമീപം കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നെങ്കിലും അക്കൂട്ടത്തിൽ അരിക്കൊമ്പനില്ല എന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ദൗത്യം നിർത്തിവെച്ചത്. മുളന്തണ്ടിൽ ഒരു വീട് ആന ആക്രമിച്ചു എന്ന വിവരത്തെ തുടർന്ന് അത് അരിക്കൊമ്പനാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ മുളംതണ്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.