തിരുവനന്തപുരം: അരിക്കൊമ്പനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുന്നതിന് അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ആനയെ കണ്ടെത്തിയിരിക്കുന്നത് ദുഷ്‌കരമായ മേഖലയിലാണെന്നും വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നാല്‍ ഇന്ന് തന്നെ അരിക്കൊമ്പനെ പിടിക്കാന്‍ സാധിക്കുമെന്നും വനം മന്ത്രി പറഞ്ഞു.
ദൗത്യസംഘം കടുത്ത സംഘര്‍ഷത്തിലാണെന്നും മന്ത്രി പ്രതികരിച്ചു. വലിയ വിവാദങ്ങള്‍ ആണ് ഉയര്‍ന്ന് വരുന്നത്. വന്യമൃഗത്തെ പിടിക്കുക എന്നത് നമ്മള്‍ വരച്ച പ്ലാനിലൂടെ ചെയ്യാന്‍ പറ്റുന്നത് അല്ല. ദൗത്യസംഘത്തിന്റെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യരുത്. 150ഓളം പേര്‍ അവരുടെ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ നിരന്തരമായി കഠിനാധ്വാനം ചെയ്യുകയാണ്.
മുന്‍കാലങ്ങളില്‍ പാഠവം തെളിയിച്ചവരാണ് അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്. അവരെ നിരാശപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്. അനുയോജ്യമായ സ്ഥലത്ത് അരിക്കൊമ്പനെ എത്തിക്കാന്‍ കഴിയുമോ എന്നതാണ് വെല്ലുവിളിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.