എഐ ക്യാമറ ഇടപാടിലെ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങൾ 100% ശരിയെന്ന് പൊതുസമൂഹം അംഗീകരിച്ചു. കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വന്കിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തിയെന്നും രമേശ് ചെന്നിത്തല.
ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു.
സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. 86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയർന്ന തുകയ്ക്ക് കരാർ കൊടുത്തത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കിഎന്നും രമേശ് ചെന്നിത്തല കൂട്ടിച്ചെർത്തു.