ദൗത്യത്തിനിടെ ലോറിയിൽ നിന്ന് അരിക്കൊമ്പൻ കുതറിയിറങ്ങിയതോടെ വീണ്ടും പ്രതിസന്ധി. ഇതിന് പുറമേ കോടമഞ്ഞും കനത്ത മഴയും വന്നത് ദൗത്യത്തിന് തിരിച്ചടിയായിട്ടുണ്ട്. മോശം കാലാവസ്ഥയെ അതിജീവിച്ച് എങ്ങനെ അരിക്കൊമ്പനെ ലോറിയിൽ കയറ്റുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിട്ടുണ്ട് ദൗത്യസംഘത്തിന്. നാല് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാൻ രംഗത്തുള്ളത്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ( Arikomban escape from lorry Idukki ).
നേരത്തേ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. കുങ്കിയാനകൾ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പൻ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പൻ കുതറി മാറിയതോടെ പിന്നിൽ നിന്നിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും ചിതറിയോടുകയായിരുന്നു.
ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ 6 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. വടം ഉപയോഗിച്ച് ആനയുടെ പിൻ കാലുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കുങ്കിയാനകളെ അടുത്തെത്തിച്ചപ്പോഴേക്കും അരിക്കൊമ്പൻ നടന്നകലാൻ ശ്രമിക്കുകയായിരുന്നു. പല തവണ അരിക്കൊമ്പന്റെ കാലുകളിലേക്ക് വടം എറിഞ്ഞെങ്കിലും പരാജയപ്പെട്ടിരുന്നു. ആനയെ പ്രകോപിപ്പിക്കരുതെന്ന കോടതി നിർദേശമുള്ളതിൽ വളരെ സൂക്ഷ്മതയോടെയാണ് വനംവകുപ്പിന്റെ നീക്കം.
ലോറിയിൽ കയറ്റിയ ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു.
കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോ. അരുൺ സക്കറിയ അരിക്കൊമ്പനെ മയക്കുവെടി വച്ചത്.