ഇസ്‌ലാമാബാദ്: പെൺമക്കളുടെ മൃതദേഹം ബലാത്സംഗംത്തിനിരയാകാതിരിക്കാൻ മാതാപിതാക്കൾ ശവക്കല്ലറകളിൽ പൂട്ട് നിർമിക്കുന്നതായി റിപ്പോർട്ട്. പാകിസ്താനിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. രാജ്യത്ത് നെക്രോഫീലിയ (ശവങ്ങളുമായുള്ള ലൈംഗികബന്ധം അല്ലെങ്കിൽ ആകർഷണം) കേസുകൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത്തരം കേസുകൾ പാകിസ്താനിൽ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ചില ആക്‌വിസ്റ്റുകളും എഴുത്തുകാരും കഴിഞ്ഞദിവസം വിഷയം വീണ്ടും ഉന്നയിച്ചു. പാകിസ്താനിലെ കടുത്ത പ്രത്യയശാസ്ത്രങ്ങളാണ് ഇത്തരം പ്രവർത്തികൾക്ക് കാരണമെന്ന ആരോപണമുണ്ട്.
2011ലാണ് നെക്രോഫീലിയ കേസ് രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ശവപറമ്പിലെ കാവൽക്കാരനായ മുഹമ്മദ് റിസ്‌വാൻ താൻ 48 വനിതകളുടെ മൃതശരീരങ്ങളെ ബലാത്സംഗം ചെയ്തതായി കുറ്റം സമ്മതം നടത്തുകയായിരുന്നു. ഒരു മൃതദേഹത്തെ പീഡിപ്പിച്ചതിനുശേഷം ഇയാൾ ഓടി രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. കഴിഞ്ഞ വർഷം മേയിൽ പാകിസ്താനിലെ ഗുജ്‌റാത്തിൽ ഒരു കൗമാരക്കാരിയുടെ മൃതദേഹം അജ്ഞാതർ ബലാത്സംഗം ചെയ്തതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
2013ൽ ഗുജറൻവാലയിലെ ശവപറമ്പിൽ 15കാരിയുടെ മൃതദേഹം കല്ലറയ്‌ക്ക് പുറത്തായി കാണപ്പെട്ട സംഭവത്തിൽ പാകിസ്താൻ പഞ്ചാബിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഷരീഫ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ വിഷയം ഇപ്പോൾ ജുഡീഷ്യറിയുടെ പരിഗണനയിലാണ്. 2019ൽ കറാച്ചിയിലെ ലന്ദി പട്ടണത്തിൽ, 2020ൽ പാകിസ്താൻ പഞ്ചാബിലെ ഒകാര പ്രവിശ്യയിൽ, 2021ൽ ഗുലാമുല്ലാ പട്ടണത്തിലെ മൗലവി അഷ്റഫ് ചണ്ഡിയോ ഗ്രാമം എന്നിവിടങ്ങളിൽ നിന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു