ഷൊർണൂർ : വന്ദേഭാരത് ട്രെയിനിൽ എംപിക്ക് അഭിവാദ്യങ്ങളർപ്പിച്ചുള്ള പോസ്റ്റർ പതിച്ച കേസിൽ 5 പേരെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) അറസ്റ്റ് ചെയ്തു. ഇവരെ റെയിൽവേ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി, 1000 രൂപ വീതം പിഴ ഇൗടാക്കി.
കോടതി പിരിയുംവരെ 5 പേരേയും കോടതിയിൽ നിർത്തുകയും ചെയ്തു. താവളം ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി.എം.ഹനീഫ (44), നടുവട്ടം അഴകൻ കണ്ടത്തിൽ എ.കെ.മുഹമ്മദ് സഫൽ (19), കിഴായൂർ പുല്ലാടൻ പി.മുഹമ്മദ് ഷാഹിദ് (19), കൂട്ടാല മുട്ടിച്ചിറ എം.കിഷോർ കുമാർ (34) എന്നിവരാണ് അറസ്റ്റിലായത്.
വന്ദേഭാരത് എക്സ്പ്രസ് കന്നിയാത്രയിൽ ഷൊർണൂരിൽ എത്തിയപ്പോഴാണു കോച്ചുകളിൽ പോസ്റ്റർ കണ്ടത്. സംഭവം രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.
സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതികളെ ആർപിഎഫ് കണ്ടെത്തിയത്. ഇവരെ വിളിപ്പിച്ചു തെളിവെടുപ്പു നടത്തിയ ശേഷം അറസ്റ്റ് ചെയ്ത് റെയിൽവേ കോടതിയിൽ ഹാജരാക്കുകയായിരുന്നു.