Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസുഡാൻ സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള രൂക്ഷമായ സംഘർഷം മൂന്നാം ആഴ്ചയിലേക്ക്

സുഡാൻ സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള രൂക്ഷമായ സംഘർഷം മൂന്നാം ആഴ്ചയിലേക്ക്

‘വെടിയൊച്ച കേട്ടാണ് ഉണരുന്നത്, ഭക്ഷണവും വെള്ളവുമില്ല’; ജീവൻ കയ്യിൽ പിടിച്ച് സുഡാനികൾ സുഡാൻ സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള രൂക്ഷമായ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഖാർത്തൂമിൽ അനുദിനം സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകളിലടക്കം യുദ്ധവിമാനങ്ങൾ വ്യോമാക്രമണം തുടരുന്നു. ഇതിനോടകം 500ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. സംഘർഷം നിയന്ത്രണവിധേയമാക്കാൻ ഒന്നിലധികം ഉടമ്പടികൾക്ക് ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ടെങ്കിലും ആക്രമണത്തിന് ഇതുവരെ അറുതി വന്നിട്ടില്ല.

കൊല്ലപ്പെടുന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരികയാണ്. അഞ്ച് ദശലക്ഷം ആളുകൾ താമസിക്കുന്ന നഗരമായ ഖാർത്തൂമിൽ പലരും ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാതെ വീടുകളിൽ തന്നെ അടച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധം തുടങ്ങിയതിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് സുഡാനിൽ നിന്ന് പലായനം ചെയ്തത്. അയൽരാജ്യങ്ങളായ ചാഡ്, ഈജിപ്ത്, ദക്ഷിണ സുഡാൻ, എത്യോപ്യ എന്നിവിടങ്ങളിൽ അഭയം തേടിയിരിക്കുകയാണ് ആളുകൾ.

രാജ്യം ശിഥിലമാകുമ്പോൾ അധികാരത്തിനുവേണ്ടി പോരാടാൻ അവകാശമില്ലെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്ന് ദിവസത്തെ വെടിനിർത്തൽ ഇന്ന് അർധരാത്രിയോടെ അവസാനിക്കും. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഖാർത്തൂമിൽ വ്യോമാക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുഎസ്, സൗദി അറേബ്യ, ആഫ്രിക്കൻ യൂണിയൻ, യുഎൻ എന്നിവരുടെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

“യുദ്ധവിമാനങ്ങളുടെയും ബോംബുകളുടെയും ശബ്ദം കേട്ടാണ് ഞങ്ങൾ ഉണരുന്നത്”; ഖാർത്തൂമിലെ ഒരു നിവാസി പ്രതികരിക്കുന്നത് ഇങ്ങനെ. ജനജീവിതം ഏറെ ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് സംഘർഷം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്നും ആളുകൾ ആവശ്യപെടുന്നു.

സുഡാനിൽ ജീവൻരക്ഷാ ഉപകരണങ്ങൾ പോലും എത്തിക്കാനുള്ള സാഹചര്യമില്ലെന്ന് യുഎൻ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം നടക്കുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. സുഡാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.

സുഡാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായിരത്തി ഒരുന്നൂറ് പിന്നിട്ടു. സൗദി നേതൃത്വത്തിൽ ഒഴിപ്പിച്ച വിദേശികളുടെ എണ്ണം അയ്യായിരവും കടന്നിട്ടുണ്ട്. സുഡാനിൽ നേരിട്ട് വ്യോമസേനാ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിച്ചതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്.

ഇന്ന് വ്യോമസേനയുടെ സി 130 വിമാനത്തില്‍ സുഡാനില്‍നിന്ന് 135 പേര്‍ കൂടി ജിദ്ദയിലെത്തിയതോടെ ഇതുവരെ ഒഴിപ്പിച്ച ആകെ ഇന്ത്യക്കാരുടെ എണ്ണം 2100 ആയി.

ജിദ്ദയില്‍നിന്ന് വിമാനത്തില്‍ ന്യൂഡല്‍ഹിയില്‍ 231 ഇന്ത്യക്കാരാണ് എത്തിയത്. ഇതോടെ നാട്ടിലെത്തിയവരുടെ എണ്ണം 1600 ഉം ആയി. ബാക്കിയുള്ളവരെ ഉടന്‍ എത്തിക്കാനുള്ള പരിശ്രമം നടക്കുന്നതായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments