ഹൂസ്റ്റണ്‍: ലോകമലയാളികളുടെ വാര്‍ത്താ ശബ്ദമായി മാറിയ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരദാന ചടങ്ങില്‍ മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍, ഡിജിപി ടോമിന്‍ തച്ചങ്കരി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. നയതന്ത്രജ്ഞനും മുന്‍ അംബാസിഡറുമായിരുന്ന ടി. പി. ശ്രീനിവാസന്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമാണ്. ഡിജിപി ടോമിന്‍ തച്ചങ്കരി സിവില്‍ സര്‍വീസ് മേഖലയിലെ മിന്നും താരമാണ്. മികച്ച ഉദ്യോഗസ്ഥനായ ഇദ്ദേഹം സംഗീതസംവിധായകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.
മെയ് ഏഴിന് വൈകിട്ട് അഞ്ചിന് ഹൂസ്റ്റണ്‍ ക്നാനായ കമ്മ്യൂണിറ്റി സെന്ററിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കും.
രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഗമമായി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ്‌നൈറ്റ് മാറ്റാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്.
18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയാണ് മുഖ്യ ആകര്‍ഷണം. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാള്‍സിന്റെ സോളോ പെര്‍ഫോമന്‍സില്‍ നിറയുന്നത്.
വ്യത്യസ്തമായ നൃത്ത ഇനങ്ങളുമായി സുന്ദരിമാര്‍ വേദി കീഴടക്കും. ഫ്യൂഷന്‍ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാര്‍ത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തന്‍ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകര്‍ന്ന് ഫാഷന്‍ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടന്‍ രുചികളുമായി ലൈവ് തട്ടുകട ഒരുങ്ങും.