കോഴിക്കോട് : കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ല. സംസ്ഥാനത്തിന് അടുത്തിടെ അനുവദിച്ചതു രണ്ടു ട്രെയിനുകൾ മാത്രമാണ്. ഒരു വന്ദേഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാൽ മതിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ‘‘കോച്ച് ഫാക്ടറിയും എയിംസും എവിടെ? നഴ്സിങ് കോളജുമില്ല. പ്രളയകാലത്ത് അനുവദിച്ച ധാന്യത്തിന്റെ വില കേന്ദ്രം തിരിച്ചുപിടിച്ചു. പ്രധാനമന്ത്രി കേരളത്തില്‍ സംസാരിച്ചത് രണ്ടു രീതിയിലാണ്. ഔദ്യോഗിക പരിപാടിയില്‍ പറഞ്ഞത് സത്യം. പാര്‍ട്ടി പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി.
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സംസ്ഥാനത്തിന് പദ്ധതിയില്ലെന്ന വാദം തെറ്റാണ്. കേരളത്തില്‍ മുന്‍ഗണന പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എന്ന വിമര്‍ശനത്തിന് അടിസ്ഥാനമെന്താണ്? ഏതെങ്കിലും ഒരുവിഭാഗം കൂടെ ചേരുമെന്ന ബിജെപിയുടെ ചിന്ത വെറുതെയാണ്. ശത്രുക്കൾ ആരെന്ന് ആർഎസ്എസ് എഴുതിവച്ചത് ജനങ്ങൾക്ക് അറിയാം’’– മുഖ്യമന്ത്രി വ്യക്തമാക്കി.
റോഡ് ക്യാമറ പദ്ധതി അപകടം കുറയ്ക്കാനാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പുകമറ സൃഷ്ടിച്ച് പദ്ധതി തടയാന്‍ ശ്രമം നടക്കുന്നുണ്ട്. പുതിയ പരിഷ്കാരത്തില്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ട്. മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു