അബുദാബി: ബഹിരാകാശ പര്യവേക്ഷണത്തിനും ശാസ്ത്രത്തിനും യുഎഇ അർഥവത്തായ സംഭാവനകൾ നൽകുന്നത് തുടരുമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ചൊവ്വാ ദൗത്യമായ ഹോപ് പ്രോബിന്റെ കണ്ടെത്തലുകൾ, ചാന്ദ്രദൗത്യമായ റാഷിദ് റോവർ, അറബ് ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശത്തെ ചരിത്ര നടത്തം എന്നിവയെല്ലാം ഈ രംഗത്ത് യുഎഇയുടെ മികവ് ചൂണ്ടിക്കാട്ടുന്നതായും പറഞ്ഞു.
ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച ആദ്യ അറബ് വംശജനായ നെയാദിയെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭിന്നതകളിൽ നിന്ന് അകന്നു നിൽക്കാനും തീരുമാനിച്ചാൽ അറബികൾ കൂടുതൽ സർഗാത്മകത ഉള്ളവരായിത്തീരുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 3 വർഷത്തെ തീവ്ര പരിശീലനത്തിന് ശേഷം ബഹിരാകാശത്തെ നടത്തവും നിലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയതും അഭിമാനത്തോടെയാണ് രാജ്യം കണ്ടതെന്നും ട്വീറ്റ് ചെയ്തു.
സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ നടത്തത്തിലൂടെ യുഎഇയുടെ ബഹിരാകാശ പദ്ധതി പുതിയ നാഴികക്കല്ല് കൈവരിച്ചിരിക്കുന്നുവെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. യുഎഇയിൽനിന്നു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും സുൽത്താൻ അൽ നെയാദിയെ പ്രശംസിച്ചു.