മനോജ് ചന്ദനപ്പള്ളി
ചന്ദനപ്പള്ളി പെരുന്നാള്‍ നാടിന്റെ ആഘോഷമാണ്. മതസൗഹാര്‍ദ്ദത്തിന്റെ നാട്ടുത്സവത്തിന് ദേശംമാത്രമായല്ല. ചുറ്റുവട്ടവും അണിഞ്ഞൊരുങ്ങും. ഒറ്റഗ്രാമവും ഒരാഘോഷവുമായി ഒരൊറ്റമനസ്സോടെ ആര്‍പ്പുവിളിക്കും.
ഇവിടെ കാഴ്ചകളത്രയും കൗതുകങ്ങളാണ്. വിശ്വാസവും നേരനുഭവങ്ങളുടെ ചൂട്ട് വെളിച്ചവും നമുക്കിവിടെ കാണാനാകും (നാടിന്റെ അതിര്‍ത്തി ദേശമായ ഇടത്തിട്ടയിലെ ഹൈന്ദവര്‍ ചൂട്ടുകറ്റ കത്തിച്ച് വെളിച്ചമേകി റാസയെ സ്വീകരിക്കുന്നതാണ് പരമ്പരാഗതമായ രീതിയുണ്ടിവിടെ)
പോയകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പെരുന്നാള്‍. വിശ്വാസത്തെയും ലാളിത്യത്തെയും അടയാളപ്പെടുത്തുന്നതും ഇതുതന്നെ. ചടങ്ങുകള്‍ക്കുമുണ്ട് തനത് രീതികള്‍, പെരുന്നാളിനുള്ള കൊടിമരം ഒരുക്കലിനും മാവിലകളാല്‍ അതിനു അലങ്കാരം ചാര്‍ത്തുന്നതിനും അവകാശമെടുത്തത് ഹൈന്ദവ കുടുബങ്ങളാണ്. തീര്‍ന്നില്ല. പ്രധാന ചടങ് നടക്കണമെങ്കില്‍ പ്രമുഖ ഹൈന്ദവ കുടുബമായ മേക്കാട്ട് തറവാട്ടില്‍ നിന്ന് കാരണവരോ അദ്ദേഹം നിയമിച്ച് അയക്കുന്ന അംഗമോ എത്തി പ്രധാന ചെമ്പില്‍ ആദ്യം അരി സമര്‍പ്പണം ചെയ്യണം. പഴമയുടെ ദേവഗന്ധം പരത്തുന്ന ആചാരങ്ങളും അനുഷ്ഠാങ്ങളും ഇന്നുമുണ്ടെന്നതാണ് പെരുന്നാളിന്റെ പ്രത്യേകത. മറ്റിടങ്ങളിലെ ആഘോഷങ്ങളില്‍ നിന്ന് വലിയപള്ളിയെ വേറിട്ട് നിര്‍ത്തുന്നതും ഇതൊക്കെ തന്നെ.
പെരുന്നാള്‍ കെങ്കേമമായി നടത്തുകയെന്നത് പൊതുപക്ഷം. ഒരു ശരാശരി ചന്ദനപ്പള്ളിക്കാരനില്‍ ‘ നോ ക്രോംപമെയ്‌സ്’ എന്ന വാക്കേ അവിടെ ഉയരുകയുള്ളൂ. വിശിഷ്യാ പെരുന്നാള്‍ കാര്യത്തില്‍. നിറയെ വാദ്യമേളക്കാര്‍, മുത്തുകുടകള്‍, ഹംസരഥത്തില്‍ തിരുമേനിമാര്‍ക്ക് എഴുന്നള്ളത്ത്, നാടും നാട്ടുവഴികളും ഒരുക്കല്‍, നാലതിര്‍ത്തികള്‍ ബന്ധിപ്പിച്ചു റാസ, പ്രധാന കവലയിലെ വാകമരത്തിനു മുന്നില്‍ സ്വീകരണ കമാനങ്ങള്‍…
ഇന്ന് കാലം മാറി, പരസ്യ രീതിമുതല്‍ മുതല്‍ സംഘാടനം വരെ. പ്രൊഫഷണലിസമാണ് എല്ലായിടത്തും. കലാപരിപാടികള്‍ക്കുമുണ്ട് മാറ്റം. കഥാപ്രസംഗവും നാടകവും ഗാനമേളകളും ഉണ്ടായിരുന്നിടത്ത് ഇന്ന് സ്റ്റേജ് ഫ്യൂഷനും മേളപകര്‍ച്ചയുമായി തൃശൂരില്‍ നിന്നുള്ള താളവിസ്മയവും ഒക്കെ കൊണ്ട് സവിശേഷമാകുന്നു.
ഈ ദേശക്കാരുടെ ഒരു വര്‍ഷത്തിന്റെ സമയക്രമം അടയാളപ്പെടുത്തുന്നത് പോലും വലിയപള്ളി പെരുന്നാളാണെന്ന് പറഞാല്‍ അതിശയോക്തി ഇല്ല. ദേശം മാത്രമായോതുങ്ങുന്നില്ല ആഘോഷങ്ങള്‍. അങ്ങ് യൂറോപ്പിലോ അമേരിക്കയിലോ ആയാല്‍പോലും ഒരു ശരാശരി ചന്ദനപ്പള്ളിക്കാരന്‍ പെരുന്നാള്‍ കാണാന്‍ കടല്‍ കടന്നെത്തും. അപ്പോള്‍ പിന്നെ ഗര്‍ഫുകാരുടെ കാര്യം പറയേണ്ടതില്ലല്ലോ.അതുകൊണ്ടുതന്നെയാണ് പെരുന്നാളിന് പ്രവാസിദിനവും ക്രമീകരിക്കുന്നത്. സത്യത്തില്‍ പെരുന്നാളിന്റെ ആധ്യാത്മികതക്ക് ഒപ്പം നാടിന്റെ മക്കളുടെ കൂടിച്ചേരലും സ്‌നേഹം പങ്കുവയ്ക്കലും കൂടിയാണ് ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാള്‍. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറമുള്ള കൂട്ടായ്മ കൊണ്ടാകാം വലിയപള്ളി പെരുന്നാള്‍ മതസൗഹാര്‍ദ്ദത്തിന്റെ വലിയ പെരുന്നാള്‍ എന്നു കൂടി അറിയപ്പെടുന്നത്.
നിര്‍മാണത്തിലെ സവിശേഷതകള്‍
പള്ളിയുടെ നിര്‍മാണത്തിലുമുണ്ട് പ്രത്യേകത. പാശ്ചാത്യ -പൗരസ്ത്യ വാസ്തുവിദ്യയുടെ സങ്കലനമാണിത്. ഒരേ സമയം രണ്ടായിരത്തോളം ആളുകള്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ കഴിയുന്ന തെക്കന്‍ ഏഷ്യയില്‍ തന്നെ വലിയപള്ളി.
കേന്ദ്ര -സംസ്ഥാന പില്‍ഗ്രിം സ്പിരിച്വല്‍ സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെട്ട് ജോര്‍ജിയന്‍ ആഗോള തീര്‍ത്ഥാടന പദവിയും തേടിയെത്തി. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ട് സഭാ തലവന്മാര്‍ ഒരുമിച്ച് ചേര്‍ന്നുള്ള കല്പന പ്രഖ്യാപനംകൊണ്ടും ശ്രദ്ധേയമായി.
മതഭേദമില്ലാതെ വിശ്വാസികളുടെ കടന്നുവരവാണ് മറ്റൊരു സവിശേഷത. പെരുന്നാളിനെത്തുന്ന ജനം അത്രത്തോളമെത്തി കഴിഞ്ഞു. രണ്ടുദിനം കൊണ്ട് ലക്ഷങ്ങള്‍ വന്നു പോകുന്നുവെന്നതാണ് ഏകദേശ കണക്ക്. ക്രമീകരണം ഒരുക്കാന്‍ പള്ളി കമ്മിറ്റി മതിയായിരുന്നു മുന്‍പെങ്കില്‍ ഇന്ന് സ്ഥിതി മാറി. സര്‍ക്കാരിനുവേണ്ടി ജില്ലാ ഭരണകൂടത്തിനുമുണ്ട് ചുമതല. ഏകോപനം ആര്‍ഡിഒയ്ക്കാണ്. പള്ളിക്ക് വേണ്ടി ട്രസ്റ്റിയും, മാനേജിംഗ് കമ്മിറ്റിയും കൂടാതെ 101 അംഗ പെരുന്നാള്‍ കമ്മിറ്റിയും.
താത്കാലിക ആശുപത്രി മുതല്‍ നൂറുകണക്കിന് പോലീസുകാര്‍. ക്രമസമാധാന പാലനത്തിനായി നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ ഒരുക്കും. ചില അതിപ്രധാന ഘട്ടങ്ങളില്‍ അര്‍ദ്ധ സൈനീക വിഭാഗവും ഇവിടെ സേവനത്തിനെത്തിയിരുന്ന കാലവും ഉണ്ട്.
ഇക്കുറി അതിഥികളില്‍ സഭാ തലവന്‍ പരിശുദ്ധ കാതോലിക്കാ ബാവാ മുതല്‍ മറ്റ് പ്രമുഖര്‍ വരെ. പെരുന്നാള്‍ ആഘോഷങ്ങള്‍ മെയ് ഒന്നു മുതലാണ് തുടങ്ങുക. പ്രധാന പെരുന്നാള്‍ മെയ് 7,8 തീയതികളില്‍ നടക്കും. ചന്ദനപ്പള്ളി ചെബെടുപ്പ് മെയ് 8 വൈകിട്ട് അഞ്ചിന് നടക്കും.
(ചിത്രങ്ങള്‍ക്ക് കടപ്പാട് : ചന്ദനപ്പള്ളി കൊപ്പാറ കുടുബത്തിലെ തോമസ് അലക്സാണ്ടര്‍ & ജോണ്‍ കെ അലക്‌സ്)