കൊച്ചി: നഗരത്തിൽ ഇന്ന് മുതൽ മാലിന്യ നീക്കം പ്രതിസന്ധിയിലാകും. മാലിന്യ സംസ്കരണത്തിനായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെ ആശ്രയിച്ചിരുന്നതിനിടെ ബ്രഹ്മപുരത്തേക്ക് ഇനിമുതൽ ജൈവ മാലിന്യം കൊണ്ടുവരാൻ പാടില്ലെന്ന തീരുമാനത്തെ തുടർന്നാണ് മാലിന്യ നീക്കം പ്രതിസന്ധിയിലാകുന്നത്.
ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന് ശേഷമാണ് ബ്രഹ്മപുരത്തേക്ക് ഏപ്രിൽ 30ന് ശേഷം ജൈവമാലിന്യം എടുക്കേണ്ടതില്ലെന്ന തീരുമാനം. കൊച്ചി കോർപറേഷനിൽ നിന്നൊഴികെ മാലിന്യം എടുക്കൽ നിർത്തുന്നതോടെ ആലുവ, തൃക്കാക്കര, അങ്കമാലി, തൃപ്പൂണിത്തുറ, മരട് തുടങ്ങിയ നഗരങ്ങളെയാണ് മാലിന്യശല്യം രൂക്ഷമായി ബാധിക്കുക.
പ്രതിസന്ധി പരിഹരിക്കാനാകാതെ വന്നാൽ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഇതര നഗരസഭകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും തീരുമാനം. കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാത്ത സ്ഥിരം ശൈലി ഇതോടെ തുടരും.