ബെംഗളൂരു : കർണാടകയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ബിജെപി വാഗ്ദാനം. ഉത്പാദന മേഖലയിൽ 10 ലക്ഷം തൊഴിലും ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. കരുത്തുള്ള സംസ്ഥാന സർക്കാരുകളാണ് ശക്തമായൊരു കേന്ദ്ര സർക്കാരിന്റെ രൂപീകരണത്തിലേക്കു നയിക്കുകയെന്നു വിശ്വസിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും നഡ്ഡ കൂട്ടിച്ചേർത്തു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറും ദിവസവും അരലീറ്റർ നന്ദിനി പാലും സൗജന്യമായി നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. യുഗാദി, ഗണേശ ചതുർഥി, ദീപാവലി എന്നിവയോട് അനുബന്ധിച്ചാവും സൗജന്യ സിലിണ്ടർ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് റേഷൻ കാർഡ്, എസ്‌സി–എസ്ടി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ഫിക്സ്ഡ് ഡിപ്പോസിറ്റ്, കർണാടകയെ വൈദ്യുത വാഹന നിർമാണത്തിന്റെ കേന്ദ്രമായി മാറ്റാനുള്ള പദ്ധതി എന്നിവയും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിജെപിയുടെ ജനകീയ പത്രിക (ബിജെപി പ്രജാ പ്രണാളികെ) എന്ന പേരുള്ള പ്രകടന പത്രിക നഡ്ഡ പ്രകാശനം ചെയ്തു. ശീതികരിച്ച മുറിയിലിരുന്നു തയാറാക്കിയതല്ല ബിജെപിയുടെ പ്രകടനപത്രികയെന്നും പ്രവർത്തകർ സംസ്ഥാനത്തിന്റെ മുക്കുംമൂലയും സന്ദർശിച്ചു ശേഖരിച്ച വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് അതിനു രൂപം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുതിർന്ന നേതാവ് ബി.എസ്. യെഡിയൂരപ്പ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കർണാടകയിൽ കനത്ത പോരാട്ടം നേരിടുന്ന പാർട്ടി ഇത്തവണ സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവർക്കും മികച്ച വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ നൽകുന്നത്.