Friday, October 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളാ സ്റ്റോറി: ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശം; ആറായിരത്തോളം കേസുകൾ പഠിച്ചെന്ന് സംവിധായകൻ

കേരളാ സ്റ്റോറി: ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശം; ആറായിരത്തോളം കേസുകൾ പഠിച്ചെന്ന് സംവിധായകൻ

ദില്ലി: കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ്  പരിഗണനക്ക് എത്തിയത്. എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. എന്നാൽ നാളെ വിശദമായ ഹർജി ചീഫ് ജസ്റ്റിസിന് മുമ്പാകെ നൽകാമെന്ന് പറഞ്ഞ് ചുവടുമാറ്റിയ കപിൽ സിബൽ കോടതി ട്രെയിലർ കാണണമെന്നും ജസ്റ്റിസ് കെഎം ജോസഫിനോട് പറഞ്ഞു. ടിവിയിൽ ഇതിൻറെ റിപ്പോർട്ട് കണ്ടെന്നായിരുന്നു ജസ്റ്റിസ് കെഎം ജോസഫിന്റെ മറുപടി. സിനിമ വെള്ളിയാഴ്ച റിലീസാണെന്ന് ഓർമ്മിപ്പിച്ച സിബൽ ഇത് തടയാൻ സാധ്യമായ വഴി നോക്കുമെന്നും വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ അഭിമുഖം പൂർണമായും നീക്കിക്കൊണ്ട് ദ കേരള സ്റ്റോറി സിനിമക്ക് ഇന്നലെയാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. സിനിമയിലെ ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കിയാൽ ഒരു കോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വർഗീയ കലാപം ഉണ്ടാക്കാനുള്ള  സംഘപരിവാർ അജണ്ടയാണ്  സിനിമയെന്നാണ് സിപിഎം നിലപാട്. 32000 അല്ല, അതിലധികം ആണ്  കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയവരുടെ എണ്ണമെന്നാണ് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്.

പത്ത് മാറ്റങ്ങളാണ് കേന്ദ സെൻസർ ബോർഡ് സിനിമയിൽ നിർദേശിച്ചിരിക്കുന്നത്. സിനിമയുടെ അവസാന ഭാഗത്തുള്ള മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ അഭിമുഖം പൂർണമായും നീക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഹിന്ദു ആചാരങ്ങള്‍ പിന്തുടരുന്നവരല്ലെന്ന പരാമ‍ർശം ഒഴിവാക്കി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതിൽ നിന്നും ഇന്ത്യൻ എന്ന പദം മാറ്റി. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അടക്കമാണ് സിനിമയിൽ നിന്നും ഒഴിവാക്കിയത്. എ സർട്ടിഫിക്കറ്റാണ് സിനിമക്ക് നല്‍കിയിരിക്കുന്നത്. സിനിമയില്‍ പറയുന്ന കണക്കുകള്‍ക്കുള്ള രേഖകളും സെന്‍സർ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമയുണ്ടാക്കിയതെന്നാണ് സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്. ദ കേരള സ്റ്റോറി  സിനിമയും കക്കുകളി നാടകവും അനുവദിക്കരുതെന്ന്  കെ മുരളീധരൻ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments