ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കാൻ തൂക്കിക്കൊല്ലുന്നതിന് പകരം മറ്റ് മാർഗങ്ങളുടെ സാധ്യത പരിശോധിക്കാൻ സമിതി രുപീകരിക്കുന്നത് പരിഗണിക്കുകയാണെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വധശിക്ഷ നടപ്പാക്കാൻ തൂക്കിക്കൊല്ലുന്നതിന് പകരം മറ്റ് വഴികൾ തേടണമെന്ന ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പാർഡിവാല എന്നിവർക്ക് മുമ്പാകെയാണ് നിലപാട് അറിയിച്ചത്.
തൂക്കിക്കൊല്ലുന്നതിന് പകരം വിഷമുള്ള ഇഞ്ചക്ഷൻ ഉപയോഗിച്ചോ വെടിവെച്ചോ ഷോക്കടിപ്പിച്ചോ ഗ്യാസ് ചേംബറിലിട്ടോ വധശിക്ഷ നടപ്പാക്കണമെന്നാണ് ആവശ്യം. ഇത്തരം രീതികൾ ഉപയാഗിക്കുകയാണെങ്കിൽ വേഗത്തിൽ മരണം ഉറപ്പാക്കാനാകുമെന്നാണ് ഹരജിക്കാരന്റെ വാദം.വധശിക്ഷക്ക് പകരം മറ്റ് മാർഗങ്ങൾ തേടുന്നത് സംബന്ധിച്ച് പരിശോധിക്കാൻ സമിതിയെ രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി രൂപീകരിക്കാൻ ശിപാർശ നൽകിയതായി അറ്റോണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചു.