ന്യൂഡൽഹി∙ ഇടത് വിദ്യാർഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെ ജെഎൻയു ക്യാംപസിൽ വിവാദ സിനിമയായ ‘ദ് കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ പ്രീമിയര്‍ ഷോയാണ് പ്രധാന കണ്‍വന്‍ഷന്‍ സെന്‍ററില്‍വച്ച് പ്രദര്‍ശിപ്പിച്ചത്. എബിവിപിയുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമ മേയ് അഞ്ചിന് റിലീസ് ആകാനിരിക്കെയാണ് ജെഎൻയുവിൽ പ്രത്യേക പ്രദർശനം നടത്തിയത്.
അതിനിടെ സിനിമ പ്രദര്‍ശനത്തിനെതിരെ ക്യാംപസിനകത്ത് എസ്എഫ്ഐ പ്രതിഷേധിച്ചു. സബര്‍മതി ഹോസ്റ്റലിന് സമീപത്തായി മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ സംഘടിച്ചു. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് സിനിമയെന്ന് എസ്എഫ്ഐ പറഞ്ഞു.
മുസ്‍ലിം വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേരളത്തിൽ ഈ സിനിമയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി കോൺഗ്രസും സിപിഎമ്മും മുസ്‍ലിം ലീഗും ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. അതേസമയം, സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന നിലപാടാണ് ബിജെപി കൈക്കൊണ്ടത്.
സംഘപരിവാറിന്റെ അജൻഡ നടപ്പാക്കുന്ന സിനിമയാണ് ‘ദ് കേരള സ്റ്റോറി’യെന്നാണ് പ്രധാന വിമർശനം. സിനിമ പ്രദർശിപ്പിക്കുന്നതിന് അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും, അത് ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, സംഭവത്തിൽ സെൻസർ ബോർഡിനോട് ഉൾപ്പെടെ കോടതി വിശദീകരണം തേടുകയും ചെയ്തു. സിനിമയുടെ ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്ന് ഹർജിക്കാരനോട് ചോദിച്ച ഹൈക്കോടതി, ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.