സിംഗപ്പൂർ: ആവേശകാഴ്ച്ചകളൊരുക്കി ‘സിംഗപ്പൂർ പൂരം’ ഗാർഡന്സ് ബൈ ദ ബേയിൽ മേയ് 28 ന്. താളവാദ്യ മേളങ്ങളുടെ അകമ്പടിയോടെ വർണ്ണാഭമായ കാഴ്ചകളാണ് പൂരത്തിനായി അണിയറയിൽ ഒരുങ്ങുന്നത്.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ചോറ്റാനിക്കര വിജയൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചു മണിക്കൂറോളം ‘താളവാദ്യ മേളം’ നടക്കും. കേരളത്തിലെ പ്രഗത്ഭരായ 43 കലാകാരന്മാർ അടങ്ങുന്ന സംഘമാണ് ഇവർക്കൊപ്പം സിംഗപ്പൂരിലെത്തുന്നത്. അലങ്കരിച്ച റോബോടിക് ആനകളുടെ കുടമാറ്റവും നടക്കും. താലപ്പൊലി, മെഗാ ഗ്രൂപ്പ് സോങ്, ആനച്ചമയം എന്നിവയും കൂടാതെ നിരവധി സാംസ്കാരിക നൃത്തരൂപങ്ങളും അരങ്ങേറും.
രണ്ടായിരത്തിൽ അധികം പേരെയാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഹെറിറ്റേജ് സെന്റർ, ഖൽസ അസോസിയേഷൻ, മഹാരാഷ്ട്ര മണ്ഡൽ, ഗുജറാത്തി സൊസൈറ്റി, തെലുങ്ക് സമാജം, മാൾവ അസോസിയേഷൻ, ഭോജ്‌പുരി അസോസിയേഷൻ തുടങ്ങിയ വൈവിധ്യമാർന്ന ഗ്രൂപ്പുകളുമായി സഹകരിച്ചാണ് പൂരം നടത്തുന്നത്.
2019 ലാണ് പൂരം കമ്മിറ്റി രൂപീകരിക്കുന്നത്. അതേവർഷം സെപ്റ്റംബറിൽ ആദ്യമായി സിംഗപ്പൂർ പൂരം നടത്തി. പരിപാടി വൻ വിജയമായത് പിന്നാലെയാണ് ഇത്തവണ വിപുലമായി പൂരം നടത്താൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.