വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ രൂപതാധ്യക്ഷനായ റോം രൂപതയില്‍ നടന്ന തിരുപ്പട്ട സ്വീകരണത്തില്‍ 11 പേര്‍ നവാഭിക്ഷിതരായി. ഏപ്രില്‍ 29നു പാപ്പ ഹംഗറി സന്ദര്‍ശനത്തിലായിരിന്നതിനാല്‍ പാപ്പയുടെ അഭാവത്തില്‍ റോം രൂപതയുടെ വികാരി ജനറലായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡെ ഡൊണാറ്റിസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വെച്ച് നടക്കുന്ന ചടങ്ങുകള്‍ക്ക് പകരം ഇക്കൊല്ലം സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസലിക്കയില്‍വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. നവ വൈദികര്‍ വൈദിക പരിശീലനം നടത്തിയ പൊന്തിഫിക്കല്‍ റോമന്‍ സെമിനാരി, റിഡംപ്റ്ററിസ് മാറ്റര്‍ ഡയോസിസന്‍ കോളേജ് സെമിനാരികളിലെ റെക്ടര്‍മാരും, ഡീക്കന്‍മാര്‍ സേവനം ചെയ്തിരുന്ന ഇടവകകളിലെ വികാരിമാരുമായിരുന്നു സഹകാര്‍മ്മികര്‍.
ഏപ്രില്‍ 29 രാവിലെ 10.30-ന് ഡിവൈന്‍ ലവ് മരിയന്‍ ദേവാലയത്തില്‍വെച്ച് പിതാവും, ഭാര്യയും നഷ്ട്ടപ്പെട്ട ഒരു സ്ഥിര ഡീക്കന്‍ കൂടി ബിഷപ്പ് ഡാരിയോ ഗെര്‍വാസിസില്‍ നിന്നും ഇടവക വൈദികനായി തിരുപ്പട്ട സ്വീകരണം നടത്തി. വൈകിട്ട് 6 മണിക്ക് നടന്ന ചടങ്ങില്‍വെച്ച് ജിയോര്‍ഡാനോ ഫ്ലാവിയോ മരിയ ബരാനി, ഫ്രാന്‍സെസ്കോ ബാര്‍ബെരിയോ, റോബര്‍ട്ടോ ബൌട്ടിനി, സൈമണ്‍ കടാന, സിറോ ഡെല്‍’ഒവാ, മാരിയോ ലോസിറ്റോ, അന്റോണിയോ പാനിക്കോ, വിന്‍സെന്‍സോ പെരോണ്‍, ആന്‍ഡ്രീ സില്‍വെസ്ട്രി ടുമോഹിരോ ഉഗാവ എന്നീ ഡീക്കന്മാരാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്.
നവവൈദികരുടെ പ്രിയപ്പെട്ടവരും ശുശ്രൂഷകളില്‍ ഭാഗഭാക്കായി. ഇത് പൂർണ്ണമായും കർത്താവിന് നൽകിയ ജീവിതമാണെന്നു കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡെ ഡൊണാറ്റിസ് സന്ദേശത്തില്‍ നവവൈദികരെ ഓര്‍മ്മിപ്പിച്ചു. തലേദിവസമായ ഏപ്രില്‍ 28 വെള്ളിയാഴ്ച ദൈവവിളിക്കായുള്ള രൂപതാതല ജാഗരണ പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരിന്നു. രാത്രി 8.30-ന് സെന്റ് ജോണ്‍ ലാറ്ററന്‍ ദേവാലയത്തില്‍ ദൈവവിളിക്കായുള്ള രൂപതാ കാര്യാലയം സംഘടിപ്പിച്ച ജാഗരണ പ്രാര്‍ത്ഥനയിലും നവവൈദികര്‍ പങ്കെടുത്തിരുന്നു. കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് തന്നെയായിരുന്നു ജഗരണ പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കിയത്. “തലീത്ത കും! , ബാലികേ എഴുന്നേല്‍ക്കുക” എന്നതായിരുന്നു പ്രാര്‍ത്ഥനയുടെ മുഖ്യ പ്രമേയം.