Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ ഫോൺ പദ്ധതിയിൽ 400 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്

കെ ഫോൺ പദ്ധതിയിൽ 400 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്

കാസർകോട് : സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ 400 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 1028 കോടി രൂപ ചെലവു കണക്കാക്കിയ പദ്ധതിക്ക് അന്തിമ അനുമതിയിൽ തുക 1531 കോടിയായി വർധിപ്പിച്ചു. ടെൻഡർ തുകയിൽ 10 ശതമാനത്തിലേറെ വർധന വരുത്തരുതെന്ന ധനവകുപ്പ് നിർദേശത്തെ മറികടന്ന് 50 ശതമാനത്തോളം വർധിപ്പിച്ച് 503 കോടി രൂപ അധികമായി നൽകി. മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഇതിനായി കെഎസ്ഐടിഎല്ലിനു കത്തെഴുതിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ കത്ത് അദ്ദേഹം പുറത്തുവിട്ടു.
മാനദണ്ഡങ്ങൾ പാലിക്കാതെ ‌ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) അടങ്ങുന്ന കൺസോർഷ്യത്തിന് ഈ തുക അധികമായി അനുവദിച്ചെന്നാണു പ്രതിപക്ഷനേതാവിന്റെ പ്രധാനആരോപണം. എഐ ക്യാമറ ഇടപാടിൽ ഉൾപ്പെട്ട എസ്ആർഐടി, റെയിൽടെൽ എന്നിവർ ഉൾപ്പെടുന്നതാണ് ഈ കൺസോർഷ്യം. എസ്ആർഐടി അവർക്കു കിട്ടിയ കരാർ പാലങ്ങളും റോഡുകളും മാത്രം നിർമിക്കുന്ന അശോക ബിൽഡ്‌കോൺ എന്ന കമ്പനിക്ക് ഉപകരാറായി നൽകി. അശോക ബിൽഡ്‌കോൺ ഈ കരാർ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രസാഡിയോ കമ്പനിക്കു നൽകി. 2 ഇടപാടുകളിലും ഒരേ കറക്കുകമ്പനികളാണെന്നും കുടുംബത്തിനെതിരെ ആരോപണം ഉയർന്നിട്ടും മിണ്ടാതിരിക്കുന്ന ആദ്യത്തെ ഭരണാധികാരിയാണു പിണറായിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങളെല്ലാം ലംഘിച്ചുള്ള ഇടപാടുകളും ഉപകരാറുകളുമാണു കെ ഫോണിൽ നടന്നതെന്നും സ്വന്തക്കാർക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും സതീശൻ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments