Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിശപ്പുരഹിത കേരളം സര്‍ക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ നയം: മന്ത്രി ജി.ആര്‍. അനില്‍

വിശപ്പുരഹിത കേരളം സര്‍ക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ നയം: മന്ത്രി ജി.ആര്‍. അനില്‍

മലയാലപ്പുഴ: കേരളത്തില്‍ ഒരാള്‍ പോലും വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അതിനായുള്ള ഭക്ഷ്യ പൊതുവിതരണ നയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നതെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതി ദരിദ്ര കുടുംബങ്ങള്‍, അസുഖബാധിതര്‍, ഒരുപാട് ദൂരം സഞ്ചരിച്ച് റേഷന്‍ കടകളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ നാട്ടിലെ ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ അര്‍ഹമായ റേഷന്‍ അവരവരുടെ വീടുകളില്‍ നേരിട്ട് എത്തിക്കും. ഒരാള്‍ക്ക് പോലും ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. കോവിഡ് സമയത്ത് മലയോര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് റേഷന്‍ കടയില്‍ എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു കൊടുത്തത്. ഇത് മനസിലാക്കിയാണ് സര്‍ക്കാര്‍ സഞ്ചരിക്കുന്ന റേഷന്‍ കട എന്ന ആശയം രൂപീകരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികളും യൂണിയനുകളും ഇതിന് മികച്ച പിന്തുണ നല്‍കി.

അതിദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ ക്ലേശങ്ങള്‍ മാറ്റിയെടുത്ത് വരും നാളില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് അതി ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 5912 കുടുംബങ്ങള്‍ക്ക് മുന്‍ഗണന കാര്‍ഡുകള്‍ അനുവദിച്ചു. ഇവര്‍ക്ക് ഓരോ മാസവും 35 കിലോ ഭക്ഷ്യധാന്യങ്ങളും സൗജന്യ ചികിത്സയും ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ രംഗത്ത് സാധാരണ ജനങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകരുത് എന്ന ദൃഢനിശ്ചയത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. റേഷന്‍ കടകളിലേക്ക് എത്തിച്ചേരാന്‍ കഴിയാത്തതിന്റെ പേരില്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാകരുത്. ഈ വിഷയത്തില്‍ സാധാരണ ജനങ്ങളുടെ പ്രയാസം നേരിട്ട് അറിഞ്ഞാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത അനില്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, വൈസ് പ്രസിഡന്റ് കെ. ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു എസ് പുതുക്കുളം, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, സ്വാഗതസംഘം ചെയര്‍മാന്‍ മലയാലപ്പുഴ ശശി, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ലിജോ പൊന്നച്ചന്‍, ഓട്ടോ തൊഴിലാളി യൂണിയനുകളുടെ അംഗങ്ങളായ രാജേഷ്, വി.ജി. സനല്‍കുമാര്‍, അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com