ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻ മേയ് 12 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അറിയിച്ചു. ഉടൻ തന്നെ യാത്രക്കാർക്കു മുഴുവൻ റീഫണ്ടും നൽകും. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ, നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുൻപാകെ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്കായി അപേക്ഷ നൽകി.
നേരത്തേ, എയർലൈൻ മേയ് 3 മുതൽ മൂന്നു ദിവസത്തേക്ക് എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിരുന്നു. പിന്നീടത് മേയ് 9 വരെ നീട്ടി. ഇപ്പോൾ മേയ് 12 വരെ നീട്ടിയിരിക്കുകയാണ്. മേയ് 15 വരെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് വിൽപന നിർത്തിവച്ചതായി ഡിജിസിഎ അറിയിച്ചു.