കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹ് ബന്ധപ്പെട്ടവര്‍ക്ക് നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനസംഖ്യാ സന്തുലന നടപടികളുടെ ഭാഗമായി പുതിയ രാജ്യങ്ങളില്‍ നിന്നായിരിക്കും റിക്രൂട്ട്മെന്‍റ് നടത്തുക. രാജ്യത്തെ തൊഴിൽ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വിദേശി സാന്നിധ്യത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്‍റ് ആരംഭിക്കില്ലെന്നാണ് സൂചനകള്‍. ജനസംഖ്യയിലെ സ്വദേശി വിദേശി അന്തരം കുറക്കുന്നതിന് വിദേശ രാജ്യങ്ങൾക്കു റിക്രൂട്ട്മെന്‍റ് ക്വാട്ട നിശ്ചയിക്കണമെന്ന് നേരത്തെ പാർലമെന്‍റ് അംഗങ്ങളും വിവിധ സർക്കാർ വകുപ്പുകളും ശിപാർശ ചെയ്‌തിരുന്നു. നിലവില്‍ ഇന്ത്യക്കാരാണ് പ്രവാസികളില്‍ ഒന്നാമത്. ഈജിപ്തുകാർ രണ്ടാം സ്ഥാനത്തും ഫിലിപ്പീൻസ്, ബംഗ്ലാദേശ് പ്രവാസികള്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.