70 വർഷങ്ങൾ ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ സിംഹാസനത്തിൽ പുതിയ അവകാശി ഇന്ന് ഔദ്യോഗികമായി സ്ഥാനമേൽക്കും. ബ്രിട്ടനിലെ പ്രാദേശിക സമയം ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണ ചടങ്ങുകൾ ആരംഭിക്കുക. രാജകുടുംബത്തിലെ അംഗങ്ങളും ലോക രാഷ്ട്രങ്ങളിലെ പ്രധാന നേതാക്കളും ഉൾപ്പെടെ 2800 അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ബ്രിട്ടന്റെ ചരിത്രത്തിൽ മറ്റേതിരു കിരീടാവകാശിയെക്കാളും കാലം കാത്തിരുന്നാണ് ചാൾസ് രാജാവ് കിരീടമണിയുന്നത്. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കാലം രാജ്യം ഭരിച്ച വ്യക്തിയാണ് എലിസബത്ത് രാജ്ഞി.
യാഥാർഥ്യത്തിൽ, എലിസബത്ത് രാജ്ഞി മരണപ്പെട്ട അന്ന് തന്നെ ചാൾസ് മൂന്നാമന് രാജ്യാധികാരം ലഭിച്ചിരുന്നു. എന്നാൽ, ആയിരം വർഷത്തിന് മുകളിൽ പാരമ്പര്യമുള്ള ബ്രിട്ടീഷ് രാജവംശത്തിന്റെ ചടങ്ങുകൾ അനുസരിച്ച് പ്രൗഢ ഗംഭീരമായ സ്ഥാനമേൽക്കലാണ് ഇന്നത്തേത്. ഹൗസ്‌ഹോൾഡ് കാവൽറി അംഗങ്ങളുടെ അകമ്പടിയോടെ ചാൾസ് രാജാവും പത്നിയും ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ഘോഷ യാത്ര നടത്തി വെസ്റ്റ്മിൻസ്റ്റർ ആബിയിൽ എത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി നയിക്കുന്ന ശുശ്രൂഷക്ക് ശേഷം കിരീടധാരണം നടക്കും. ചാൾസിന്റെ പത്നി കമീലയെ രാജ്ഞിയായി വഴിക്കുന്ന ചടങ്ങും അന്ന് നടക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആയിരിക്കും ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ കൊളോസിയൻസിന്റെ ബൈബിൾ വായിക്കുക. കിരീടധാരണത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പങ്കെടുക്കും.