ഗാന്ധിനഗർ: ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാണാതായ സത്രീകളുടെ കണക്കുകൾ പുറത്ത്. 40000ത്തിലധികം സ്ത്രീകളെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016ല്‍ 7,105, 2017ല്‍ 7,712, 2018ല്‍ 9,246, 2019ല്‍ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്. 2020ല്‍ 8,290 സ്ത്രീകളെയും സംസ്ഥാനത്ത് നിന്ന് കാണാതായി.
അഹമ്മദാബാദിലും വഡോദരയിലും 2019 മുതല്‍ 2020 വരെ 4,722 സ്ത്രീകളെ കാണാതായതായി 2021 ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ കാണാതാകുന്ന സ്ത്രീകളില്‍ ചിലര്‍ ലൈംഗിക വൃത്തിയിലേക്ക് കടത്തുന്നതായി തെളിഞ്ഞെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗവുമായ സുധീര്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ കാണാതാകുന്ന കേസുകള്‍ കൊലപാതകത്തേക്കാള്‍ ഗുരുതരമായി കണക്കാക്കി അന്വേഷണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
അതേസമയം ഗുജറാത്തില്‍ നിന്നുള്ള കാണാതാകല്‍ കേസുകളെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവന്നതോടെ ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും സംസ്ഥാനത്ത് നിന്ന് 40,000-ത്തിലധികം സത്രീകളെ കാണാനില്ലെങ്കിലും ബിജെപി കേരളത്തിലെ സ്ത്രീകളെക്കുറിച്ചാണ് വാചാലരാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കര്‍ കുറ്റപ്പെടുത്തി.