ചന്ദനപ്പള്ളി : ഭക്തിയും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ചെമ്പെടുപ്പ് നടന്നു. ആയിരക്കണക്കിന് വിശ്വാസികൾ ചെമ്പെടുപ്പിൽ പങ്കാളികളായി. ഉച്ചയ്ക്ക് ശേഷം വർണശബളമായ ചെമ്പെടുപ്പ് റാസ പള്ളിയിൽനിന്ന് പുറപ്പെട്ടു. മുത്തുക്കുടകൾ, പൊൻ വെള്ളിക്കുരിശുകൾ, പേപ്പൽ പതാകകൾ തുടങ്ങിയവ റാസയ്ക്ക് നിറപ്പകിട്ടേകി.
ചന്ദനപ്പള്ളി ജങ്ഷനിൽ റാസയ്ക്ക് സ്വീകരണം നൽകി. തുടർന്ന് റാസ പള്ളിക്ക് വടക്കുള്ള ചെമ്പിൻ മൂട്ടിലെത്തി. തുടർന്ന് ചെമ്പെടുപ്പ് തുടങ്ങി. പാതി വേവിച്ച അരിയടങ്ങിയ ചെമ്പുകൾ കുറുകെ കെട്ടിയ മുളന്തണ്ടുകളിൽ വഹിച്ച് ആഘോഷപൂർവം കൊണ്ടുവരുന്ന ചടങ്ങാണ് ചെമ്പെടുപ്പ്.
മുത്തുക്കുടകളും വാദ്യമേളങ്ങളും ചെമ്പെടുപ്പുറാസയ്ക്ക് മാറ്റുകൂട്ടി. ആവേശത്തോടെ ചെമ്പുകൾ പള്ളിക്ക് സമീപമുള്ള കുതിരപ്പുരയിലേക്ക് കൊണ്ടുവന്നു. ചെമ്പിൽ തൊടുന്നതിന് വിശ്വാസികൾ തിക്കും തിരക്കും കൂട്ടി. പൂക്കളും വെറ്റിലയും ചെമ്പുകളിലേക്ക് വിശ്വാസികൾ എറിഞ്ഞു. റോഡിനിരുവശത്തും കൂടിനിന്ന വിശ്വാസികൾ ചെമ്പെടുപ്പ് റാസയെ സ്വീകരിച്ചു. കുതിരപ്പുരയിലെത്തിയ ചെമ്പുകളിലെ വേവിച്ച അരി വിശ്വാസികൾക്ക് വിളമ്പി.