കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപ്പട്ടണത്ത് വെച്ചാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ജനൽചില്ലിന് താഴെയാണ് കല്ല് പതിച്ചത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള സർവീസിനിടെയായിരുന്നു സംഭവം. ആർപിഎഫും പൊലീസും പരിശോധന നടത്തി.
അതേസമയം സംസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് വന്ദേ ഭാരത് എകസ്പ്രസിന് നേരെല കല്ലേറ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് ഒന്നിന് പരപ്പനങ്ങാടിയുടെയും തിരൂർ റെയിൽവേ സ്റ്റേഷന്റെയും ഇടയിൽ വച്ച് വന്ദേ ഭാരത് എക്സ്പ്രസിന് നേരേ കല്ലേറുണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിൻ തിരൂർ വിട്ട് തിരുനാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായത്. C-4 കോച്ചിൽ 63, 64 സീറ്റ് നമ്പറിന്റെ ഗ്ലാസിലാണ് കല്ല് പതിച്ചത്. ട്രെയിനിന് കാര്യമായി ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും ഷൊർണൂരിൽ ട്രെയിനിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം റെയിൽവേ അറിയിച്ചിരുന്നു.
സംഭവത്തിൽ തിരൂർ പൊലീസും ലോക്കൽ പൊലീസ് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ആർ,പി.എഫും കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും റെയിൽവേ അറിയിച്ചിരുന്നു.