ഇംഫാൽ: മണിപ്പുർ കലാപത്തിൽ അറുപതോളം പേർക്ക് ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. 231 പേർക്കു പരുക്കേറ്റു. 1,700 വീടുകൾക്കു തീയിട്ടു. മണിപ്പുരിൽ ജനങ്ങൾ സമാധാനം നിലനിർത്തുന്നതിനു ജനങ്ങൾ സഹകരിക്കണം.
സംസ്ഥാനത്തു നടന്ന അക്രമസംഭവങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. അക്രമം തടയുന്നതിനു വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും.
മണിപ്പുർ കലാപം നിരീക്ഷിച്ചതിനും കേന്ദ്ര സേനയെ സമാധാനം സ്ഥാപിക്കുന്നതിന് അയച്ചതിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അക്രമണത്തിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ മാധ്യമപ്രവർത്തകരെ രക്ഷിക്കുന്നതിനു നടപടിയുണ്ടാകും. പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം അഭ്യർഥിച്ചു
പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു സാധ്യമായ എല്ലാ സഹായവും നൽകും. അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റികൊണ്ടിരിക്കുകയാണ്. 20,000 പേരെ ഇതിനകം മാറ്റി. 10,000 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു.
കലാപത്തിനു പിന്നിലുള്ള ആളുകളെയും സംഘടനകളെയും കണ്ടെത്തുന്നതിന് ഉന്നതതല അന്വേഷണം നടത്തും. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുത്.
എംഎൽഎമാരും മന്ത്രിമാരും ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ മുഴുവൻ സമാധാനം സ്ഥാപിക്കുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങളോടു ജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആഭ്യർഥിച്ചു. കലാപത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് മണിപ്പുർ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്.