ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രി കെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇമ്രാൻ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന ആരോപിച്ച പിടിഐ, രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു.
ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജറാകുന്നതിനിടെയാണ് ഇമ്രാൻ ഖാന്‍ അറസ്റ്റിലായത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പ്, തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു.
പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്. പാക് ഭരണാധികാരികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന.