തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ നോർത്ത് സാൻവിച്ച് ബ്ലോക്കിൽ ഇന്നു രാവിലെ ഉണ്ടായ തീപിടിത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടു.
സെക്രട്ടറിയേറ്റിൽ മന്ത്രി രാജീവിന്റെ ഓഫീസിന് സമീപം നോർത്ത് സാൻവിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഫയലുകൾ ഒന്നും കത്തിനശിച്ചിട്ടില്ല എന്നാണ് പൊലീസ് അറിയിച്ചത്. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല. 2020ലും ഇതേ ബ്ലോക്കിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് ഫയലുകളും കമ്പ്യൂട്ടറുകളുമുൾപ്പടെ കത്തി നശിച്ചിരുന്നു.