പി.പി.ചെറിയാൻ
വാഷിങ്ടൻ : എയർലൈനിന്റെ ഭാഗത്തുനിന്നുള്ള കാരണങ്ങളാൽ വിമാന യാത്ര വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാന്‍ ആവശ്യപ്പെടുന്ന പുതിയ നിയന്ത്രണങ്ങൾക്ക് ഭരണകൂടം ഉടൻ തയാറാകുമെന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒരു വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുമ്പോൾ ടിക്കറ്റ് റീഫണ്ടിന് പുറമേയാണ് നഷ്ടപരിഹാരം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉപഭോക്താക്കൾക്ക് യൂറോപ്യൻ യൂണിയനിലെ പോലെയുള്ള സംരക്ഷണം നൽകും.
യുഎസ് എയർലൈനുകളിൽ നിന്ന് ലഭിക്കുന്ന സേവനത്തിൽ നിങ്ങളിൽ പലരും എത്രമാത്രം നിരാശരാണെന്ന് എനിക്കറിയാം, അതുകൊണ്ടാണ് അമേരിക്കൻ വിമാന യാത്രക്കാർക്ക് ഒരു മികച്ച ഡീൽ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതെന്നു ബൈഡൻ പറഞ്ഞു. വേനൽക്കാല യാത്രാ സീസൺ ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ബൈഡന്റെ പുതിയ നിർദേശങ്ങൾ വരുന്നത്.
വിമാനക്കമ്പനികൾക്ക് സര്‍വീസ് വൈകിക്കാനോ റദ്ദാക്കാനോ താത്പര്യമില്ലെന്ന് വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന എയർലൈൻസ് ഫോർ അമേരിക്ക പ്രസ്താവനയിൽ പറഞ്ഞു. 2022 ലും 2023 ലും പകുതിയിലധികം സർവീസ് റദ്ദാക്കലുകളും മോശമായ കാലാവസ്ഥ അല്ലെങ്കിൽ എയർ ട്രാഫിക് കൺട്രോൾ തകരാറുകൾ മൂലമാണെന്ന് ട്രേഡ് ഗ്രൂപ്പ് പറഞ്ഞു.