സുൽത്താൻ ബത്തേരി : ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കെ.സുധാകരന്‍. ചില നേതാക്കളാണ് തടസം നില്‍ക്കുന്നതെന്നും പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് താന്‍ അറിയുന്നില്ലെന്നും സുധാകരന്‍ ബത്തേരിയില്‍ നടക്കുന്ന ലീഡേഴ്സ് മീറ്റില്‍ തുറന്നടിച്ചു. സംസ്ഥാന ജില്ലാ തലങ്ങളില്‍ തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിക്കുമെന്നും യോഗത്തില്‍ അവതരിപ്പിച്ച സംഘടന മാര്‍ഗരേഖയില്‍ പറയുന്നു.
സംഘടന മാര്‍ഗരേഖ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് കെ.സുധാകരന്‍ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. വീണ്ടും ഗ്രൂപ്പുകള്‍ തലപൊക്കി തുടങ്ങി. ‘‘ചിലയിടങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുന്നുണ്ട്. ഗ്രൂപ്പ് വീതംവയ്പിന് എന്നെ കിട്ടില്ല. ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം ഞാന്‍ എന്റെ വഴിതേടി പോകും. പ്രവര്‍ത്തകരല്ല, ചില നേതാക്കളാണ് പുനഃസംഘടനയ്ക്ക് തടസം നില്‍ക്കുന്നത്.
14 ഡിസിസികളും പുനഃസംഘടിപ്പിച്ചു. പക്ഷേ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാത്തതു കാരണം ഡിസിസികള്‍ക്കു ശരിയായി പ്രവര്‍ത്തിക്കാനാകുന്നില്ല. മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയായി ഒരാളെ നിയമിച്ചു. ഞാനറഞ്ഞില്ല’’ – സുധാകരൻ പറഞ്ഞു. അയാള്‍ക്കു മല്‍സ്യത്തൊഴിലാളി മേഖലയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അദ്ദേഹം ടി.എന്‍.പ്രതാപനോടു ചോദിച്ചു. കോണ്‍ഗ്രസില്‍ സ്ഥാനം കിട്ടാത്തവരുടെ പുനരധിവാസ കേന്ദ്രങ്ങളായി പോഷകസംഘടനകള്‍ മാറിയെന്ന് സംഘടന മാര്‍ഗരേഖയും കുറ്റപ്പെടുത്തുന്നു.
‘‘പ്രതിനിധീകരിക്കുന്ന മേഖലകളില്‍ ഒരു സ്വാധീനവും ചെലുത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പുനഃസംഘടന വൈകുന്നത് താഴെത്തട്ടില്‍ രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു’’ – മാർഗരേഖയിൽ പറയുന്നു. സംസ്ഥാന, ജില്ലാ തലങ്ങളില്‍ തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിക്കാനും മാര്‍ഗരേഖ ശുപാര്‍ശ ചെയ്യുന്നു. ഭാരവാഹികളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനം വിലയിരുത്താനും പ്രത്യേക സംവിധാനം വരും. സമൂഹമാധ്യമ, പരിശീലന ഡിപാര്‍ട്ട്മെന്റുകൾ രൂപീകരിക്കാനും നിര്‍ദേശമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളാണു മാര്‍ഗരേഖയിലുള്ളത്. ഒരുവര്‍ഷം മുമ്പ് കോഴിക്കോട് നടത്തിയ ചിന്തന്‍ശിബരത്തിലെടുത്ത തീരുമാനങ്ങളാണ് ഇതില്‍ പലതും.